നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' (Sigma) ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തുകയാണ്. സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ആക്ഷൻ എന്റർടെയ്‌നർ ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പ്രൊമോഷൻ പ്രസ് മീറ്റിനിടെ അച്ഛൻ വിജയ്‌യെക്കുറിച്ച് ജേസൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അച്ഛനിൽ നിന്ന് താൻ പഠിച്ച ഏറ്റവും വലിയ ഗുണം 'കൃത്യനിഷ്ഠത'യാണെന്ന് ജേസൺ വ്യക്തമാക്കി. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായ നിമിഷം തനിക്കും ചുറ്റുമുള്ളവർക്കും വലിയ സന്തോഷമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കായി അച്ഛൻ എന്താണ് നൽകിയത് എന്ന ചോദ്യത്തിന്, വിജയ്‌യുടെ ആരാധകർക്ക് നേരെ വിരൽ ചൂണ്ടി "ഈ ആരാധകരെ മുഴുവനുമാണ് അച്ഛൻ തനിക്ക് നൽകിയത്" എന്ന് ജേസൺ മറുപടി നൽകി. അച്ഛന്റെ ആരാധകരാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് വിജയ് എത്തില്ലെന്നും സിനിമയ്ക്ക് മാത്രമാണ് താൻ മുൻഗണന നൽകുന്നതെന്നും ജേസൺ ആവർത്തിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ വലിയ ഉത്തരവാദിത്തങ്ങളുള്ള വിജയ്, മകന്റെ ആദ്യ സംവിധാന സംരംഭം തിയേറ്ററിൽ കാണാൻ വലിയ ആവേശത്തോടും ആകാംക്ഷയോടും കാത്തിരിക്കുകയാണെന്നും ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു.
"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ്