Logo
Fri, Jul 03, 2026 • 08:42 AM
LIVE TV
Watch

No business videos available

No Middle East videos available

വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാന്‍ ഇടതുസ്ഥാനാര്‍ത്ഥികളെ ബോധപൂര്‍വ്വം തോല്‍പ്പിച്ചു; പിണറായിക്ക് മുന്നില്‍ പാര്‍ട്ടിയുടെ മുട്ടുവിറയ്ക്കുന്നു; തുറന്നടിച്ച് സി. ദിവാകരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 03, 2026
1 min read
SHARE:
SAVE: Login to save

വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാന്‍ ഇടതുസ്ഥാനാര്‍ത്ഥികളെ ബോധപൂര്‍വ്വം തോല്‍പ്പിച്ചു; പിണറായിക്ക് മുന്നില്‍ പാര്‍ട്ടിയുടെ മുട്ടുവിറയ്ക്കുന്നു; തുറന്നടിച്ച് സി. ദിവാകരൻ

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട് മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി. ദിവാകരന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്‍ രണ്ടാമതും മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ഇടതുമുന്നണിയിലെ ചില സ്ഥാനാര്‍ത്ഥികളെ ബോധപൂര്‍വ്വം തോല്‍പ്പിക്കുകയായിരുന്നു എന്ന് സി. ദിവാകരന്‍ തുറന്നടിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വി.എസ്, പിണറായി വിജയന്‍ എന്നിവരെക്കുറിച്ചും അന്നത്തെ രാഷ്ട്രീയ അണിയറ നീക്കങ്ങളെക്കുറിച്ചും ദിവാകരന്‍ വിശദമായി സംസാരിച്ചത്.

2011-ല്‍ വി.എസിന്റെ ചിത്രം മുന്‍നിര്‍ത്തി വോട്ട് തേടിയ എല്‍.ഡി.എഫിന് വെറും രണ്ട് സീറ്റുകളുടെ കുറവിലാണ് ഭരണം നഷ്ടമായത്. പാറശാലയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ള നാല് പ്രമുഖ നേതാക്കള്‍ അഞ്ഞൂറിലും ആയിരത്തിലും താഴെ വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്. വ്യക്തമായ തെളിവുകള്‍ കൈവശമില്ലെങ്കിലും, വി.എസിനെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ വേണ്ടി നടത്തിയ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി ക്ലീന്‍ ആയിട്ടാണ് ഇവര്‍ തോറ്റതെന്ന് ദിവാകരന്‍ ചൂണ്ടിക്കാട്ടി. ശക്തരായ ഇടതുപക്ഷ നേതാക്കള്‍ക്ക് നിയമസഭയില്‍ മൂകസാക്ഷികളായി ഇരിക്കേണ്ടി വന്നുവെന്നും ഈ നിഗൂഢത ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസിനെ ഒരു ദിവസം പോലും സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള സമീപനമാണ് മുന്നണിയില്‍ നിന്നുണ്ടായതെന്ന് ദിവാകരന്‍ വെളിപ്പെടുത്തി. 2016-ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ വി.എസിന് നല്‍കിയ ഭരണപരിഷ്‌കാര അധ്യക്ഷ പദവി ജനങ്ങള്‍ക്കിടയിലെ അതൃപ്തി ഒഴിവാക്കാന്‍ വേണ്ടിയുള്ള വെറും 'പുനരധിവാസം' മാത്രമായിരുന്നു. സെക്രട്ടേറിയറ്റില്‍ ഓഫീസ് ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് വി.എസ് പിന്നീട് പദവി രാജിവെയ്ക്കുകയായിരുന്നു. അവസാന കാലത്ത് ഒരു ഏകാന്ത തടവുകാരനെപ്പോലെ വി.എസിനെ ജനങ്ങളില്‍ നിന്നും ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും ദിവാകരന്‍ ഓര്‍മ്മിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ബ??മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ദിവാകരന്‍, എന്നാല്‍ അദ്ദേഹത്തെ തിരുത്തുന്നതില്‍ സി.പി.എം പരാജയപ്പെട്ടതായി വിമര്‍ശിച്ചു. പിണറായിയുടെ മുന്നില്‍ മുട്ടുവിറച്ച് നില്‍ക്കുകയും പുറത്തുപോയി വേറെ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് പാര്‍ട്ടിയുടെ ശൈലിയല്ല. എന്തുകൊണ്ട് പൊളിറ്റ്ബ്യൂറോയോ കേരളത്തിലെ പാര്‍ട്ടിയോ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും, കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പാട്ട് പോലെ വാഴ്ത്തിപ്പാട്ടുകള്‍ പാടുകയാണോ പാര്‍ട്ടിയുടെ പണിയെന്നും അദ്ദേഹം ചോദിച്ചു.

ന്യായമായ കാര്യം വിരല്‍ചൂണ്ടി പറഞ്ഞാല്‍ പിണറായി വിജയന്‍ തിരുത്തുമെന്നാണ് തന്റെ വിശ്വാസം. മുന്‍പ് എല്‍.ഡി.എഫ് യോഗങ്ങളില്‍ താന്‍ ശക്തമായ നിലപാട് എടുത്തപ്പോള്‍ പിണറായി അത് ശ്രദ്ധിക്കുകയും സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വലിയ കടുവയും പുലിയുമാണെന്ന് വരുത്തിത്തീര്‍ത്ത് ചില വാഴ്ത്തുപാട്ടുകാര്‍ അദ്ദേഹത്തെ സാധാരണ ജനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അകറ്റി മാറ്റുകയാണെന്നും ദിവാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നും, ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള പിണറായിയെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും സി. ദിവാകരന്‍ അഭിമുഖത്തില്‍ പറഞ്ഞു. മുതിര്‍ന്ന ഇടതുനേതാവിന്റെ ഈ തുറന്നുപറച്ചിലുകള്‍ മുന്നണിക്കുള്ളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10