ഐച്ചി-നാഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയ വമ്പന്‍ വിജയത്തേക്കാള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് സ്‌കോര്‍കാര്‍ഡില്‍ പ്രത്യക്ഷപ്പെട്ട കളിക്കാരുടെ വിചിത്രമായ പേരുകള്‍. ഇഷാന്‍ കിഷന്റെ വെടിക്കെട്ട് അര്‍ദ്ധസെഞ്ചുറിയുടെയും (46 പന്തില്‍ 80) വൈഭവ് സൂര്യവംശിയുടെ (38) മികവിലും ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് ലക്ഷ്യത്തിന് മുന്നില്‍ ലങ്കന്‍ പട തകരുകയായിരുന്നു. 124 റണ്‍സിന്റെ ഭീമന്‍ ജയത്തോടെ ഇന്ത്യ ഫൈനലില്‍ കടന്നെങ്കിലും, മത്സരത്തിനിടയില്‍ ഔദ്യോഗിക സംപ്രേഷകരായ സോണി ലിവ് (Sony LIV) കാണിച്ച സ്‌കോര്‍കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കും കൗതുകത്തിനും വഴിവെച്ചത്.
ഇന്ത്യന്‍ ഇന്നിംഗ്‌സിന് ശേഷം സ്‌കോര്‍കാര്‍ഡ് ബോര്‍ഡില്‍ വാഷിംഗ്ടണ്‍ സുന്ദറിനും തിലക് വര്‍മ്മയ്ക്കും പകരം 'ഡബ്ല്യു.എസ്. മണി സുന്ദര്‍' (W.S. Mani Sundar), 'ടി.ടി.വി. നമ്പൂരി' (T.T.V Namboori) എന്നീ അപരിചിതമായ പേരുകളാണ് പ്രത്യക്ഷപ്പെട്ടത്. സംപ്രേഷകര്‍ക്ക് പറ്റിയ വന്‍ അബദ്ധമാണെന്ന് കരുതി ആരാധകര്‍ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലാക്കിയെങ്കിലും, സംഭവം സാങ്കേതിക പിഴവല്ലെന്ന് പിന്നീട് വ്യക്തമായി. താരങ്ങളുടെ പാസ്പോര്‍ട്ടിലെ ഔദ്യോഗിക പൂര്‍ണ്ണനാമങ്ങളാണ് ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ അച്ഛന്റെ പേരായ മണി സുന്ദര്‍ ചേര്‍ത്തുള്ള പൂര്‍ണ്ണനാമവും, തിലക് വര്‍മ്മയുടെ ഔദ്യോഗിക നാമമായ 'നമ്പൂരി ഠാക്കൂര്‍ തിലക് വര്‍മ്മ' എന്നതുമാണ് ഗ്രാഫിക്‌സില്‍ വന്നത്. ഇതിനുമുമ്പ് മലയാളി താരം സഞ്ജു സാംസണിന്റെ പേര് 'എസ്. വിശ്വനാഥ്' (Sanju Viswanath Samson) എന്നും സ്‌കോര്‍കാര്‍ഡില്‍ നല്‍കിയിരുന്നു.
സാധാരണ ക്രിക്കറ്റ് പരമ്പരകളില്‍ താരങ്ങള്‍ അറിയപ്പെടുന്ന ജനപ്രിയ പേരുകളാണ് ഉപയോഗിക്കാറുള്ളതെങ്കില്‍, ഏഷ്യന്‍ ഗെയിംസ് പോലെയുള്ള മള്‍ട്ടി-സ്പോര്‍ട്‌സ് മേളകളില്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ (OCA) പ്രത്യേക നിയമമുണ്ട്. അതത് രാജ്യങ്ങള്‍ നല്‍കുന്ന പാസ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക രേഖകളിലെ പൂര്‍ണ്ണനാമങ്ങളാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും കായിക മേളയുടെ ഡാറ്റാബേസും പിന്തുടരുന്നത്. എല്ലാ കായിക ഇനങ്ങള്‍ക്കും ഒരുപോലെയുള്ള സെന്‍ട്രലൈസ്ഡ് ഗ്രാഫിക്സ് സിസ്റ്റം ഉപയോഗിക്കുന്നതിനാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതമല്ലാത്ത പേരുകളില്‍ സ്‌കോര്‍കാര്‍ഡില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ആരാ ഈ നമ്പൂരിയും മണി സുന്ദറും?; സ്‌കോര്‍കാര്‍ഡ് കണ്ട് മൂക്കത്ത് വിരല്‍വെച്ച് ഇന്ത്യന്‍ ആരാധകർ