18 വയസ്സ് തികഞ്ഞ പുതിയ വോട്ടർമാരെ (ജെൻ-സി) വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള വാർഷിക സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ) 2024 മുതൽ മുടങ്ങിക്കിടക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രാജ്യത്തെ യുവജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്നും, അതിനാലാണ് പുതിയ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാരും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ചേർന്ന് ഗൂഢാലോചന നടത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും പുതിയ വോട്ടർമാരെ ചേർക്കാൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി.
സാധാരണയായി മേയ് അവസാനത്തോടെ പ്രഖ്യാപിക്കേണ്ട 2026-27 വർഷത്തെ എസ്.എസ്.ആർ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ന് ശേഷം പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ കമ്മീഷന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസമാണ് ഈ അനിശ്ചിതത്വത്തിന് കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ 10 മാസത്തിനിടെ കമ്മീഷൻ എടുത്ത വിവിധ തീരുമാനങ്ങളിൽ ഈ രണ്ട് കമ്മീഷണർമാർ 14 തവണ എതിർപ്പ് രേഖപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു.