തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബൈബിള്‍ പ്രസംഗങ്ങളുടെ ഇംഗ്ലീഷ് പതിപ്പ്. ഹൈന്ദവ മതവിശ്വാസിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിശുദ്ധ ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പഞ്ചാബ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപികയും കണ്ണൂര്‍ സ്വദേശിനിയുമായ റൗഫ് റൂമി എന്ന മുസ്ലിം എഴുത്തുകാരിയാണ്. മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും പ്രതീകമായാണ് ഈ പുസ്തകം വിലയിരുത്തപ്പെടുന്നത്.
കേരളം എക്കാലവും മതസൗഹാര്‍ദ്ദത്തിന്റെ നാടാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവായിരുന്ന കാലയളവില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങളാണ് പുസ്തകരൂപത്തിലാക്കിയത്. ബൈബിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താന്‍ നടത്തിയ പ്രസംഗങ്ങള്‍ പുസ്തകമാക്കിയപ്പോള്‍, അതിന്റെ ഇംഗ്ലീഷ് പരിഭാഷാ ദൗത്യം ഏല്‍പ്പിച്ചത് ഒരു മുസ്ലിം വനിതയെയാണെന്ന് കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പാറേല്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഈ പരിഭാഷാ ദൗത്യം കേവലം ഭാഷയ്ക്കും വാക്കുകള്‍ക്കും അപ്പുറമുള്ള ഒരു ആത്മീയ അനുഭവമായിരുന്നുവെന്ന് റൗഫ് റൂമി വ്യക്തമാക്കുന്നു. ക്രൈസ്തവ വിശ്വാസത്തിലും ബൈബിള്‍ അധ്യാപനങ്ങളിലും ആഴത്തിലുള്ള താല്‍പ്പര്യവും ആദരവും വളര്‍ത്താന്‍ ഈ പ്രവര്‍ത്തനം സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
വി.ഡി. സതീശന്റെ 'ആദം നീ എവിടെ ആകുന്നു?' എന്ന മലയാളം പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'ADAM WHERE ART THOU' ഈ മാസം ആദ്യമാണ് പുറത്തിറങ്ങിയത്. ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 197 പേജുള്ള ഇംഗ്ലീഷ് പതിപ്പില്‍, വിവിധ ക്രൈസ്തവ വേദികളില്‍ നടത്തിയ 32 പ്രസംഗങ്ങളാണ് 32 അധ്യായങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.