‘മോദിയുടെ മുഖമല്ല, വികസനം കാട്ടി വോട്ട് ചോദിക്കൂ’; ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മാത്രം ഉയർത്തിക്കാട്ടി വോട്ട് തേടുന്നതിന് പകരം, തങ്ങളുടെ ഭരണപ്രവർത്തനങ്ങൾ മുൻനിർത്തി വോട്ട് ചോദിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. 2028-ൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്ന പാർട്ടി ദേശീയ നേതാവ് നിതിൻ നബിന്റെ അവകാശവാദത്തെ ഹൈദരാബാദിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പൂർണ്ണമായി തള്ളിപ്പറഞ്ഞു. പശ്ചിമ ബംഗാളിലും ബിജെപി ഇതേ അവകാശവാദം ഉന്നയിച്ചിരുന്നെന്നും അവിടെ ജനങ്ങൾ നൽകിയ അതേ മറുപടി തെലങ്കാനയും നൽകുമെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു.
കേന്ദ്രത്തിലെ 12 വർഷത്തെ ബിജെപി ഭരണവും, മുൻപ് തെലങ്കാന ഭരിച്ച ബിആർഎസിന്റെ പത്തുവർഷത്തെ ഭരണവും, കോൺഗ്രസ് സർക്കാരിന്റെ രണ്ടരവർഷത്തെ ഭരണവും തമ്മിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. പാവപ്പെട്ടവരുടെ അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ എത്തിക്കുമെന്നോ, കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നോ, വർഷംതോറും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നോ പറഞ്ഞ വാഗ്ദാനങ്ങൾ എവിടെയെന്നും നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർഡ് തിരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും പോലും മോദിയുടെ പേര് പറഞ്ഞാണ് ബിജെപി വോട്ട് തേടുന്നത്. ഒരു മുഖത്തെ മാത്രം ഉയർത്തിക്കാട്ടാതെ പ്രാദേശിക നേതാക്കളുടെ പ്രവർത്തനങ്ങൾ മുൻനിർത്തി വേണം തിരഞ്ഞെടുപ്പുകളെ നേരിടാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രിയും ബിആർഎസ് പ്രസിഡന്റുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെയും രേവന്ത് റെഡ്ഡി കടുത്ത ഭാഷയിൽ ആഞ്ഞടിച്ചു. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് മദ്യപാന സംസ്കാരം അല്ലാതെ മറ്റൊന്നും കെസിആർ വളർത്തിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.