പ്രഭാപുരം: ലഹരിമുക്തമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ യുവതലമുറയ്ക്ക് നിർണായക പങ്കുണ്ടെന്നും വിദ്യാർത്ഥികൾ സാമൂഹിക ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ IPS പറഞ്ഞു. ഇറാം എജ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രഭാപുരം ERAM ക്യാമ്പസിൽ സംഘടിപ്പിച്ച 'DGP CONNECT – INSPIRING YOUNG MINDS' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞമായ Operation Toofan പദ്ധതിക്ക് കരുത്തേകിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി, വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയത്. ഇറാം എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റും ഇറാം ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ERAM Holdings ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ റസാഖ് സ്വാഗതം ആശംസിച്ചു.
തൃശൂർ റേഞ്ച് DIG പി. നാരായണൻ IPS, ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷി A IPS എന്നിവർ ചടങ്ങിൽ പ്രത്യേക പ്രഭാഷണങ്ങൾ നടത്തി. CANEUS International (Montreal) ഷെയറിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മിലിദ് പിംപ്രിക്കർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
വിദ്യാലയങ്ങളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടൂഫാൻ വാരിയേഴ്സിന്റെ പ്രതിനിധികളെ ആദരിക്കുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു. തുടർന്ന് ഓപ്പറേഷൻ ടൂഫാൻ പ്രതിജ്ഞാ ചടങ്ങും നടന്നു. ERAM Educational and Welfare Trust-ന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ELA പ്രോഗ്രാമിന്റെ ഉദ്ഘാടനവും, ജില്ലയിലെ വിവിധ സ്കൂളുകളിലെ SPC കേഡറ്റുകൾക്കുള്ള വൃക്ഷത്തൈ വിതരണവും ചടങ്ങിൽ നിർവഹിച്ചു. സംസ്ഥാനതലത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
Organic Industries Pvt. Ltd. എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് ബി. മുഖ്യപ്രഭാഷണവും, സംഘാടക സമിതി ചെയർമാൻ മുഹമ്മദ് കാസിം V. S. അനുമോദന പ്രസംഗവും നടത്തി. ഇറാം എജ്യുക്കേഷൻ ആൻഡ് വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി ആൻഡ് മാനേജർ അബ്ദു സമദ്, ഇറാം മോട്ടോഴ്സ് ജനറൽ മാനേജറും HR & അഡ്മിൻ മേധാവിയുമായ ജയദേവൻ വി., ഇറാം ഹോൾഡിംഗ്സ് ഇന്ത്യ റീജണൽ ഡയറക്ടർ (ബിസിനസ് ഡെവലപ്മെന്റ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ്) ബിജോയ് ദേവദാസ്, ഇറാം അക്കാദമി ഫോർ സ്പോർട്സ് ആൻഡ് എക്സലൻസ് പ്രിൻസിപ്പൽ ഡോ. സിന്ധു സി., മറിയുമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പൽ വിജി ജയപ്രകാശ്, മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ ഹെഡ്മാസ്റ്റർ രാകേഷ് സി., വിവിധ സ്ഥാപനങ്ങളിലെ പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ, സ്കൗട്ട് ആൻഡ് ഗൈഡിന്റെ സെറിമോണിയൽ പരേഡ്, സ്വാഗതനൃത്തം അടക്കമുള്ള കലാപരിപാടികൾ, വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന വീഡിയോ പ്രദർശനം എന്നിവയും പരിപാടിക്ക് മാറ്റുകൂട്ടി. MMHSS പ്രിൻസിപ്പൽ ഉമ്മർ സി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRING YOUNG MINDS' ഉദ്ഘാടനം ചെയ്ത് DGP രവാഡ എ. ചന്ദ്രശേഖർ