കൊച്ചി: കേരളത്തെയും ഫോര്‍ട്ട് കൊച്ചിയെയും അധിക്ഷേപിച്ചും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലും വീഡിയോ പങ്കുവെച്ച ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസ് എടുത്തു. 'ലിറ്റിചോക്ക് അപ്പ്' (Littichok Up) എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് പോലീസിന്റെ നടപടി. കേരളത്തില്‍ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി.
ഫോര്‍ട്ട് കൊച്ചിയില്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണെന്നും ഇവിടെ 95 ശതമാനത്തോളം ബിസിനസ് ഉടമകളും ടാക്‌സി-റിക്ഷാ ഡ്രൈവര്‍മാരും ചെറുകിട കച്ചവടക്കാരുമെല്ലാം മുസ്ലീങ്ങളാണെന്നുമാണ് വീഡിയോയില്‍ അവകാശപ്പെടുന്നത്. കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കാന്‍ അറബ് രാജ്യങ്ങളില്‍ നിന്ന് ഫണ്ട് വരുന്നുണ്ടെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കേരളം കൈവിട്ടുപോകുമെന്നും ഇയാള്‍ വീഡിയോയിലൂടെ ആരോപിക്കുന്നു.
കൂടാതെ ഫോര്‍ട്ട് കൊച്ചിയിലെ ഒരു കഫേയില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും, ഗാന്ധിയും നെഹ്‌റുവും ജിന്നയും ചേര്‍ന്ന് ഭാരതത്തെ കീറിമുറിച്ചുവെന്നും ഇയാള്‍ അധിക്ഷേപകരമായി സംസാരിക്കുന്നുണ്ട്. ഇയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേരള സര്‍ക്കാരാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ പ്രതിഷേധവുമായി മലയാളികളടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
കേരളം എപ്പോഴും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വര്‍ഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്ി വിഡി സതീശന്‍ വ്യക്തമാക്കി. ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്േളാഗര്‍ നടത്തിയ ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു. ഭയമോ പ്രീതിയോ ഇല്ലാതെ മതസൗഹാര്‍ദ്ദവും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിദ്വേഷത്തിന് ഇടമില്ലെന്നും നമ്മുടെ മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ കേസ്; മതസൗഹാർദ്ദം തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി