കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസിലെ പ്രധാന പ്രതി സുഹൈലിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു. പ്രതി നല്‍കിയ ജാമ്യാപേക്ഷ നാളെ സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ കോടതി സ്വീകരിക്കുന്ന നിലപാട് വിലയിരുത്തിയ ശേഷമായിരിക്കും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് അന്വേഷണ സംഘം വിശദമായ മൊഴിയെടുക്കുക.
കേസ് ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതി സുഹൈല്‍ വാഹനം ഓടിക്കുന്നതടക്കമുള്ള നിര്‍ണായക ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടസമയത്ത് സുഹൈല്‍ മദ്യപിച്ചിരുന്നതായി രക്തപരിശോധനയില്‍ വ്യക്തമായിരുന്നു. സുഹൈലിന് പുറമെ സഹയാത്രികരായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുഹൈല്‍ അപകടനിലയില്‍ വാഹനമോടിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചില്ലെന്നതാണ് സഹയാത്രികര്‍ക്കെതിരെയുള്ള കുറ്റം.
ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായ കേസില്‍, വാഹനത്തിലെ 'ഇവന്റ് ഡാറ്റാ റെക്കോര്‍ഡറിന്റെ' ശാസ്ത്രീയ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതികള്‍ക്ക് 19 വയസ്സ് മാത്രമാണ് പ്രായമെന്നും പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജയിലില്‍ തുടരേണ്ടതില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.
അതേസമയം, അപകടത്തിന് റോഡിന്റെ ഘടനയോ നിര്‍മ്മാണത്തിലെ പിഴവുകളോ കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിമാനത്താവള റോഡില്‍ പരിശോധന നടത്തി. മോട്ടോര്‍ വാഹന വകുപ്പ്, റോഡ് പരിപാലന ചുമതലയുള്ള സിയാല്‍ (CIAL), പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രദേശത്ത് വേഗ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാത്രിയിലും വാഹന നമ്പര്‍ വ്യക്തമായി പതിയുന്ന ക്യാമറകള്‍ സ്ഥാപിക്കണമെന്നും പോലീസ് സിയാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നു; ജാമ്യാപേക്ഷ നാളെ സെഷന്‍സ് കോടതിയിൽ