തിരുവനന്തപുരം: ഓരോ മലയാളിയും 'എന്റെ അന്നം, എന്റെ ഉത്തരവാദിത്വം' എന്ന ചിന്ത വളർത്തിയെടുക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. ഭക്ഷ്യസുരക്ഷയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ഉറപ്പാക്കാൻ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനൊപ്പം വീടുകളിലും കൃഷി വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 15 വർഷമായി തരിശുകിടന്ന അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തിലെ 125 ഏക്കറിൽ പുനരാരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെടുമങ്ങാട് എം.എൽ.എ. ജി.ആർ. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദേശീയപാത വികസനത്തിനും മേൽപ്പാല നിർമാണത്തിനും ഇടയിൽ നീരൊഴുക്ക് തടസ്സപ്പെട്ടതോടെ കൃഷി മുടങ്ങിയ നിലയിലായിരുന്നു ഈ പാടശേഖരം. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതി, ജനപ്രതിനിധികൾ, കർഷകർ എന്നിവരുടെ സംയുക്ത ശ്രമഫലമായി നീരൊഴുക്ക് പുനഃസ്ഥാപിച്ചാണ് കൃഷി തിരികെ കൊണ്ടുവന്നത്. 2026-ലെ ഒന്നാം വിളയിൽ 125 ഏക്കറിൽ ഇറക്കിയ നെൽക്കൃഷി ഇപ്പോൾ കൊയ്ത്തിന് പാകമായിരിക്കുന്നു.
ഇതിൽ 90 ഏക്കറിൽ കുട്ടനാട്ടിൽ നിന്നുള്ള കർഷകരും 35 ഏക്കറിൽ പ്രദേശത്തെ കർഷകരുമാണ് കൃഷി ചെയ്തത്. നേരത്തെ മന്ത്രി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്ത പാടശേഖരമാണ് ഇന്ന് പൊൻകതിരണിഞ്ഞ് വിളവെടുപ്പിന് സജ്ജമായിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ ഉത്തരവാദിത്തമുള്ള കാർഷിക പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തരിശുനിലങ്ങൾ മാപ്പിംഗ് ചെയ്ത് കൃഷിയിലേക്ക് മാറ്റാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളും കർഷകരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്നാൽ എന്തും സാധ്യമാകുമെന്നതിന്റെ മികച്ച മാതൃകയാണ് പള്ളിപ്പുറം പാടശേഖരത്തിലെ കൃഷിയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ കൃഷിക്ക് വലിയ പങ്കുണ്ടെന്നും ഓരോ വീടും കൃഷിയിടമായി മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ഥലപരിമിതി ഉണ്ടെങ്കിലും ഗ്രോബാഗുകളിലും ചെറിയ സ്ഥലങ്ങളിലും പച്ചക്കറികൾ വളർത്താൻ എല്ലാവരും മുന്നോട്ടുവരണം. ഭക്ഷ്യസുരക്ഷയ്ക്കുള്ള യാത്ര ഓരോരുത്തരുടെയും വീടുകളിൽ നിന്നാണ് തുടങ്ങേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളിപ്പുറം പാടശേഖരത്തിലെ കൃഷി പുനരുജ്ജീവനത്തിന് നേതൃത്വം നൽകിയ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചന, വാർഡ് മെമ്പർ വിവേക് വി.എൽ., വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനാ രാജൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കർഷകർ, ഭൂവുടമകൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
കൃഷിക്ക് ചുക്കാൻ പിടിച്ച കുട്ടനാട് സ്വദേശികളായ കർഷകരായ ഗോപിനാഥൻ, കുഞ്ഞുമോൻ എന്നിവരെയും വാർഡ് മെമ്പർ വിവേക് വി.എൽ.നെയും ചടങ്ങിൽ ആദരിച്ചു. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ സജീവമായി പ്രവർത്തിച്ച ലൈസൻസ്ഡ് ഷൂട്ടർ സനോജിനെയും കൃഷി ഓഫീസർ റോഷ്നയെയും മന്ത്രി ആദരിച്ചു. കൊയ്ത്തുത്സവത്തിനിടെ സ്കൂൾ കുട്ടികളുമായും മന്ത്രി ആശയവിനിമയം നടത്തി.
പള്ളിപ്പുറം പാടശേഖരത്തിലെ തരിശുനില കൃഷിക്കായി വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ നിന്ന് ₹45.16 ലക്ഷം അനുവദിച്ചതായി അധികൃതർ വ്യക്തമാക്കി. നെൽവിത്ത് വിതരണം, തരിശുനെൽകൃഷി ആനുകൂല്യം, കൂലി ചെലവുകൾ എന്നീ ഇനങ്ങളിലാണ് ഈ തുക വിനിയോഗിച്ചത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം പള്ളിപ്പുറത്ത് തിരിച്ചെത്തിയ നെൽകൃഷി ഭക്ഷ്യസുരക്ഷയുടെയും കൂട്ടായ്മയുടെയും കാർഷിക മുന്നേറ്റത്തിന്റെയും മാതൃകയായി മാറുകയാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ. വി., പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, വൈസ് പ്രസിഡന്റ് ഭുവനചന്ദ്രൻ നായർ, പാടശേഖര സമിതി പ്രസിഡന്റ് എ.എം. ഹനീഫ, മറ്റ് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ റോഷ്‌ന എസ്. സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
15 വർഷത്തെ തരിശിന് വിരാമം; പള്ളിപ്പുറത്ത് 125 ഏക്കറിലെ പൊൻകതിര് കൊയ്ത്തുത്സവം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു