നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരു മരണം, നിരവധി പേർക്ക് പരിക്ക്
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. നെല്ലിയാമ്പതി സ്വദേശി ജയന്തി (55) ആണ് മരിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട്–കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം രണ്ടാം വളവിന് മുകളിലൂടെ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ് കൂടുതൽ ആഴത്തിലേക്ക് പതിക്കാതെ മരങ്ങളിൽ തങ്ങിനിന്നത് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സഹായകമായി.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് പരിക്കേറ്റവരെ നെല്ലിയാമ്പതിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പരിശോധന തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.