'വാഴ 2'ന് ശേഷം ഹാഷിർ വീണ്ടും; 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്, ടൈം-ലൂപ്പ് കഥയെന്ന സൂചന?
'വാഴ 2'ന് ശേഷം ഹാഷിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ. എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും, മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'വാഴ', 'എക്കോ', 'വാഴ 2' എന്നീ വിജയചിത്രങ്ങൾ തിയേറ്ററുകളിലെത്തിച്ച ഐക്കൺ സിനിമാസ് ആണ് 'ഞൊടി'യുടെ വിതരണവും നിർവഹിക്കുന്നത്.
വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന അവതരണ ശൈലിയും കൊണ്ട് ടൈറ്റിൽ റിവീൽ പോസ്റ്റർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പോസ്റ്ററിലെ "Looping Soon!" എന്ന സൂചനയും "One More Time" എന്ന ടാഗ്‌ലൈനും ചിത്രം ടൈം-ലൂപ്പ് പ്രമേയത്തിലാകാമെന്ന ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഓരോ നിമിഷവും വീണ്ടും ആവർത്തിക്കപ്പെടുന്ന ഒരു ലോകമാണോ ചിത്രം അവതരിപ്പിക്കുന്നത്, അതോ അപ്രതീക്ഷിതമായ മറ്റൊരു കഥാപശ്ചാത്തലമാണോ പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ കഥയെയും മറ്റ് വിശേഷങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. പി.ആർ.ഒ: എ. എസ്. ദിനേശ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.