Logo
Sat, Jun 13, 2026 • 05:10 AM
LIVE TV
Watch

No business videos available

No Middle East videos available

നവകേരള മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കം 5 പൊലീസുകാർക്ക് സസ്പെൻഷൻ; അടിയന്തര ഉത്തരവിറക്കി ഡിജിപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 26, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

നവകേരള മർദ്ദനക്കേസ്: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കം 5 പൊലീസുകാർക്ക് സസ്പെൻഷൻ; അടിയന്തര ഉത്തരവിറക്കി ഡിജിപി

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ ജോലി ചെയ്യുന്നവരുമായ അഞ്ച് പൊലീസുകാർക്കെതിരെയാണ് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സസ്പെൻഷൻ ഉത്തരവിറക്കിയത്. പ്രതികളായ പൊലീസുകാർ വിവിധ യൂണിറ്റുകളിലായതിനാലാണ് പൊലീസ് മേധാവി നേരിട്ട് ഉത്തരവിറക്കിയത്. ഗൺമാൻ അനിൽ കുമാർ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എസ്. എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് നടപടി.

സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരപരിധി ലംഘിച്ച് അന്യായമായി ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാരെ ആക്രമിച്ചുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. സസ്പെൻഷന് പുറമെ, ആയുധം ഉപയോഗിച്ച് അന്യായമായി ആക്രമിച്ചെന്ന കടുത്ത വകുപ്പുകളും ഈ അഞ്ച് പൊലീസുകാർക്കെതിരെ ചുമത്താൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

2023 ഡിസംബറിലാണ് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഈ സംഭവം നടക്കുന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻ അനിൽ കുമാറും സന്ദീപും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള 'രക്ഷാപ്രവർത്തനം' മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ന്യായീകരണം.

മുഖ്യമന്ത്രിയുടെ ഈ ന്യായീകരണത്തിനെതിരെ കോൺഗ്രസ് നേതൃത്വം സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധമുയർത്തിയിരുന്നു. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാൻ മടിച്ചതോടെ, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായതും ഇപ്പോൾ സസ്പെൻഷൻ നടപടികളിലേക്ക് നീങ്ങിയതും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10