കുറ്റിപ്പുറം പഞ്ചായത്ത് 21-ാം വാർഡ് മെമ്പറും മുതിർന്ന കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കലിന്റെ ട്രെയിൻ തട്ടിയുള്ള അപ്രതീക്ഷിത വേർപാടിൽ വി.എസ്. ജോയ് എം.എൽ.എ ഫെയ്‌സ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം, പ്രദേശത്തെ ഏറ്റവും ജനകീയരായ ജനപ്രതിനിധികളിൽ ഒരാളായിരുന്നുവെന്ന് വി.എസ്. ജോയ് ഓർത്തെടുത്തു. കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂർ വാർഡിൽ ആകെ പോൾ ചെയ്ത 1230 വോട്ടുകളിൽ 1118 വോട്ടുകളും അദ്ദേഹം നേടിയപ്പോൾ എതിരാളികൾക്ക് യഥാക്രമം 60-ഉം 52-ഉം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനമനസ്സുകളിൽ അത്രമേൽ ആഴത്തിൽ ഇടംനേടിയ അദ്ദേഹത്തിന്റെ ആകസ്മിക വേർപാട് വിവരിക്കാനാകാത്ത വേദനയും നികത്താനാകാത്ത നഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വി.എസ്. ജോയ് കുറിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെ ചെമ്പിക്കലിലെ വസതിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ വച്ചായിരുന്നു ദാരുണമായ സംഭവം. ട്രാക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിൽ ആളെ തട്ടിയതായി സംശയമുണ്ടെന്ന് ലോക്കോ പൈലറ്റ് റെയിൽവേ അധികൃതർക്ക് സന്ദേശം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതരും കുറ്റിപ്പുറം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ.
വി.എസ്. ജോയ് എം.എൽ.എയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
"ജനകീയ മെമ്പർ അഹമ്മദ് കുട്ടി ചെമ്പിക്കലിന് ആദരാഞ്ജലികൾ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചുകയറിയത്. കുറ്റിപ്പുറം പഞ്ചായത്തിലെ പാഴൂർ വാർഡിൽ ആകെ പോൾ ചെയ്ത 1230 വോട്ടുകളിൽ 1118 വോട്ടുകളും അദ്ദേഹം നേടി. എതിരാളികൾക്ക് യഥാക്രമം 60-ഉം 52-ഉം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനമനസ്സുകളിൽ അത്രമേൽ ആഴത്തിൽ ഇടംനേടിയ അദ്ദേഹത്തിന്റെ ആകസ്മിക വേർപാട് വിവരിക്കാനാകാത്ത വേദനയും നികത്താനാകാത്ത നഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്."
1230-ൽ 1118 വോട്ടും നേടി ചരിത്രം കുറിച്ച ജനപ്രതിനിധി; കുറ്റിപ്പുറത്തിന്റെ പ്രിയ നേതാവ് അഹമ്മദ് കുട്ടിയുടെ വേർപാടിൽ കുറുപ്പുമായി വി.എസ്. ജോയ് എം.എൽ.എ