തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ഗതാഗത മന്ത്രിയുമായി സമരസമിതി നേതാക്കൾ നടത്തിയ നിർണ്ണായക ചർച്ചയിലാണ് പ്രക്ഷോഭം ഒത്തുതീർപ്പിലായത്. ബസുടമകൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
കെ.എസ്.ആർ.ടി.സിക്ക് വേണ്ടി സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുമെന്ന് ചർച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി ഔദ്യോഗികമായി അറിയിച്ചു. വരാനിരിക്കുന്ന ശബരിമല തീർത്ഥാടന സീസണ് മുൻപായി തന്നെ ബസുകൾ വാടകയ്‌ക്കെടുക്കുന്ന നടപടികൾ ആരംഭിക്കും. കൂടാതെ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നതിനായി ഒരു സ്ഥിരം സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
മന്ത്രി നൽകിയ ഉറപ്പുകളുടെ പശ്ചാത്തലത്തിൽ ചർച്ച വിജയകരമാണെന്ന് വിലയിരുത്തിയ ബസ്സുടമ സംഘടനകൾ സെക്രട്ടറിയേറ്റിന് മുന്നിൽ തുടർന്നുവന്ന സമരം ഔദ്യോഗികമായി അവസാനിപ്പിക്കുകയായിരുന്നു.
KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം