തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസം വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തീവ്ര മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് (വെള്ളിയാഴ്ച) ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
ഓറഞ്ച്, യെല്ലോ അലേർട്ട് വിശദാംശങ്ങൾ:
വെള്ളിയാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും; ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
ശനിയാഴ്ച: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും; തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും ആയിരിക്കും.
ഞായറാഴ്ച: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചും; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് തുടരും.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശവും കള്ളക്കടൽ മുന്നറിയിപ്പും:
മോശം കാലാവസ്ഥയും ശക്തമായ കാറ്റും നിലനിൽക്കുന്നതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 25 വരെയും, കർണാടക തീരത്ത് ഒക്ടോബർ 23 മുതൽ 25 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിലും (കാപ്പിൽ മുതൽ പൊഴിയൂർ വരെ) കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.
കേരളത്തിൽ അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്