ആർഎസ്എസ് ചടങ്ങിൽ വിസിമാരുടെ പങ്കാളിത്തം: പ്രതിപക്ഷ വിമർശനത്തിനിടെ മുൻവർഷത്തെ 'പിണറായി മൗനവും' ചർച്ചയാകുന്നു
തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരമ്പരയിൽ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവം കേരള രാഷ്ട്രീയത്തിൽ വൻ വിവാദമാകുന്നു. ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ സർവകലാശാലാ വിസി ഡോ. മോഹനൻ കുന്നുമ്മേൽ, എംജി സർവകലാശാലാ വിസി ഡോ. ഡി. മാവൂത്ത്, മലയാളസർവകലാശാലാ വിസി ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് പങ്കെടുത്തത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വർഷവും സമാനമായ സംഭവം ഉണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മൗനം പാലിച്ചത് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണ്.
വൈസ് ചാൻസലർമാരുടെ പങ്കാളിത്തത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിസിമാർക്ക് ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്തത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർ പദവിയുടെ അന്തസ്സിനും നിരക്കാത്തതാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ആർഎസ്എസ് ശതാബ്ദി പ്രഭാഷണ സഭയിൽ പങ്കെടുത്ത വിസിമാരുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
അതേസമയം, കഴിഞ്ഞ വർഷം ഇതേ സാഹചര്യമുണ്ടായപ്പോൾ ഇടതുമുന്നണി പുലർത്തിയ ഇരട്ടത്താപ്പാണ് ഇപ്പോൾ വിമർശിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂലൈ 27ന് ആർഎസ്എസ് അനുകൂല സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിച്ച 'ജ്ഞാനസഭ'യിൽ നാല് വിസിമാർ പങ്കെടുത്തിരുന്നു. മോഹൻ ഭാഗവത് മുഴുവൻ സമയവും പങ്കെടുത്ത ഈ സഭയുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ പുറത്തുവന്നിട്ടും അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഇതിനെ എതിർത്തിരുന്നില്ല. വിസിമാരുടെ വ്യക്തിപരമായ തീരുമാനമെന്നായിരുന്നു അന്നത്തെ മന്ത്രിയുടെ നിലപാട്. ഡോ. മോഹനൻ കുന്നുമ്മൽ (കേരള), ഡോ. പി. രവീന്ദ്രൻ (കാലിക്കറ്റ്), ഡോ. കെ.കെ. സാജു (കണ്ണൂർ), ഡോ. എ. ബിജുകുമാർ (കുഫോസ്) എന്നീ വിസിമാരായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തത്. മുൻപ് ഇടത് ഭരണകാലത്ത് ഇതേ വിസിമാർ ആർഎസ്എസ് വേദി പങ്കിട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി രംഗത്തുവരുന്നതിനെയാണ് മറുവിഭാഗം ചോദ്യം ചെയ്യുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.