നവംബർ ഒന്നിന് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ചലോ ദില്ലി' മാർച്ചിലൂടെ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. റോട്ടർ പട്ടികയിൽ നിന്ന് 13 കോടിയോളം പേരുകൾ നീക്കം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഭരണകൂടം ലാത്തിച്ചാർജ്ജ് കൊണ്ടും കസ്റ്റഡിയിലെടുത്തുമാണ് നേരിടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന റാലിക്കായുള്ള ഒരുക്കങ്ങൾ കോൺഗ്രസ് അന്തിമഘട്ടത്തിലെത്തിച്ചു. മരിച്ചുവെന്ന് തെറ്റായി രേഖപ്പെടുത്തി വോട്ടവകാശം നിഷേധിച്ചതിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തും. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെള്ളത്തുണി ധരിച്ചാകും റാലിയിൽ പങ്കെടുക്കുക.
ഏകദേശം 10 ലക്ഷത്തോളം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. റാലിയുടെ പശ്ചാത്തലത്തിൽ രാംലീല മൈതാനത്തും പരിസരത്തുമായി 3500-ഓളം പൊലീസുകാരെയാണ് ഡൽഹി പൊലീസ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. എന്നാൽ, പരിപാടിക്ക് ശേഷം പ്രവർത്തകർക്ക് രാത്രി ഇവിടെ തങ്ങാൻ അനുമതി നൽകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.