ധാക്ക: ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ശന മുന്നറിയിപ്പുമായി ധാക്ക രംഗത്ത്. ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉഭയകക്ഷി കരാര്‍ അനുസരിച്ച്, കോടതി ശിക്ഷിച്ച ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. മടങ്ങിവരാന്‍ ശ്രമിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
2024 ഓഗസ്റ്റ് അഞ്ചിനാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് ഹസീന ഇന്ത്യയിലേക്ക് പോയത്. പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഹസീനയുടെ അഭാവത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി അവരെ കുറ്റക്കാരിയായി വിധിച്ചിരുന്നു. എന്നാല്‍, ഇത് രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണെന്നാണ് ഹസീനയുടെ പക്ഷം.
ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ഓഗസ്റ്റില്‍ പ്രഖ്യാപിച്ച ഹസീന പുതിയ പാസ്‌പോര്‍ട്ടിനും തിരിച്ചറിയല്‍ കാര്‍ഡിനുമായി അപേക്ഷിച്ചെങ്കിലും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ അപേക്ഷകള്‍ നിരസിച്ചു. ഇതിനിടെ, ഹസീനയ്ക്ക് അനുകൂലമായി അവാമി ലീഗ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതോടെ ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെ 28 ജില്ലകളില്‍ വാഹനങ്ങള്‍ക്ക് നേരെ ബോംബേറുകളും തീവെപ്പുകളും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമങ്ങളില്‍ പോലീസുകാര്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേറ്റു. രാഷ്ട്രീയമായി തകര്‍ന്നടിഞ്ഞ അവാമി ലീഗിന്റെ നിലനില്‍പ്പിനായുള്ള നീക്കമാണ് ഈ അക്രമങ്ങളെന്ന് ഷാമ ഒബെയ്ദ് കുറ്റപ്പെടുത്തി.
ഹസീനയെ കൈമാറാന്‍ ഇന്ത്യ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചെന്ന വാര്‍ത്തകളും മന്ത്രി തള്ളി. ഹസീനയെ തിരികെ കൊണ്ടുവരാന്‍ വിമാനം അയക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ബംഗ്ലാദേശിന്റെ അന്തസ്സും താല്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള നയതന്ത്ര ബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം പരിഗണനയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ഷെയ്ഖ് ഹസീന തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യും: കര്‍ശന മുന്നറിയിപ്പുമായി ബംഗ്ലാദേശ്