ന്യൂഡൽഹി: ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കൾക്കിടയിൽ അസാധാരണമായ അക്കൗണ്ട് തടസ്സം നേരിടുന്നതായി പരാതി. യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകളാണ് വാട്സാപ്പ് പെട്ടെന്ന് ബ്ലോക്ക് ചെയ്തത്. പ്രമുഖ ടെക് പ്ലാറ്റ്‌ഫോമുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും നിരവധിയാളുകൾ തങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു.
അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്. എന്നാൽ ഇത് എന്തുകൊണ്ടാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കും ജോലി സംബന്ധമായ കാര്യങ്ങൾക്കും വാട്സാപ്പിനെ ആശ്രയിക്കുന്നവർ ഇതോടെ വലിയ ബുദ്ധിമുട്ടിലായി.
വാട്സാപ്പിന്റെ ഔദ്യോഗിക വിശദീകരണം:
പ്രശ്നം വ്യാപകമായതോടെ വാട്സാപ്പ് വക്താവ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. വാട്സാപ്പിന്റെ ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾ ചില അക്കൗണ്ടുകളെ തെറ്റായി തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം വ്യക്തമാക്കി. തടസ്സം നേരിട്ട അക്കൗണ്ടുകൾ എത്രയും വേഗം തിരികെ ലഭ്യമാക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടതിനെ തുടർന്ന് ചില ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ തിരികെ ലഭിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.