വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഇതുവരെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി മാത്രം പ്രവർത്തിച്ചിരുന്ന വിഴിഞ്ഞത്തുനിന്ന് ഇനി മുതൽ കരമാർഗ്ഗവും ചരക്കുനീക്കം സാധ്യമാകും. ഇതിനായി കസ്റ്റംസിന്റെ നിർണ്ണായക അനുമതി ലഭിച്ചു കഴിഞ്ഞു. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകുകയും വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കുകയും ചെയ്തിരുന്നു. അടുത്ത മാസം 18-ന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ മറ്റ് കപ്പലുകളിലേക്ക് മാറ്റി കയറ്റി അയച്ച്, അവിടുത്തെ തുറമുഖങ്ങൾ വഴിയാണ് റോഡ് മാർഗ്ഗം ചരക്കുകൾ എത്തിച്ചിരുന്നത്. എന്നാൽ പുതിയ അനുമതിയോടെ വിഴിഞ്ഞത്തുനിന്ന് തന്നെ നേരിട്ട് കണ്ടെയ്നറുകൾ കൊണ്ടുപോകാം. ഇതിനായി ഷിപ്പിങ് കമ്പനികൾക്കും ഏജന്റുമാർക്കും ടെർമിനൽ ഓപ്പറേറ്റർമാർക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് കസ്റ്റംസ് നൽകിയിരിക്കുന്ന നിർദ്ദേശം. 18-ന് നിക്ഷേപകർ ഉൾപ്പെടെ പങ്കെടുക്കുന്ന 'മിഷൻ സമുദ്ര ബിസിനസ് സമ്മിറ്റും' സംഘടിപ്പിക്കുന്നുണ്ട്.
വിഴിഞ്ഞം രാജ്യാന്തര ചരക്കുകവാടമായി മാറുന്നതോടെ ഗതാഗതച്ചെലവ് വൻതോതിൽ കുറയുകയും വിതരണശൃംഖല കൂടുതൽ ശക്തമാകുകയും ചെയ്യും. തുറമുഖത്തിന്റെ സാമ്പത്തിക നേട്ടം നാട്ടിൽ നേരിട്ട് ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തനം തുടങ്ങി 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതിലൂടെ വിഴിഞ്ഞം ഇതിനകം തന്നെ ലോകോത്തര മരീടൈം ഹബ്ബെന്ന നിലയിലേക്ക് ഉയർന്നു കഴിഞ്ഞു.