മുംബൈ: ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി കൂടാതെ ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഏ.ആർ മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം 'ഗജിനി'യിലെയും അതിന്റെ ഹിന്ദി പതിപ്പിലെയും വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. 'ലഗാൻ', 'സർഫറോഷ്', തെലുങ്ക് ചിത്രം 'സൈ' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. 1988-ൽ ബി.ആർ. ചോപ്രയുടെ വിഖ്യാത സീരിയൽ 'മഹാഭാരതത്തിൽ' അശ്വത്ഥാമാവായി അഭിനയിച്ചതും വലിയ ജനപ്രീതി നേടിത്തന്നു. തെലുങ്ക് ചിത്രമായ 'ഗായപദ്ദ സിംഹം' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
മലയാളത്തിലും ഒരുപിടി നല്ല വേഷങ്ങൾ പ്രദീപ് റാവത്ത് ചെയ്തിട്ടുണ്ട്. 2011-ൽ മോഹൻലാൽ-ദിലീപ്-ജയറാം കൂട്ടുകെട്ടിലിറങ്ങിയ 'ചൈനാടൗൺ' എന്ന ചിത്രത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഇത് പാതിരാമണൽ', 'കസിൻസ്', 'ഒരു കടത്തനാടൻ കഥ' എന്നിവയാണ് അദ്ദേഹം വേഷമിട്ട മറ്റ് പ്രധാന മലയാള ചിത്രങ്ങൾ. കല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.