ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ സംവിധാനം ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'എന്ന വിലൈ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കടലാടും സീമയിലെ' എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സെപ്റ്റംബറില്‍ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.
സാം സി.എസ് സംഗീതം പകര്‍ന്ന് കാര്‍ത്തിക് നേത വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളും പശ്ചാത്തലവും ദൃശ്യവല്‍ക്കരിക്കുന്നതാണ് ഗാനരംഗങ്ങള്‍. പ്രശസ്ത സംഗീത സംവിധായകനും നിര്‍മ്മാതാവുമായ ജി.വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ സജീവ് പാഴൂരാണ് ഈ സോഷ്യോ-പൊളിറ്റിക്കല്‍ ഫാമിലി ത്രില്ലറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മലയാളികളായ ജിതേഷ് വി, അനുഗോപാല്‍ വേണുഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 16-ാമത് ദാദാസാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വൈ.ജി മഹേന്ദ്രന്‍, പൂര്‍ണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, നിഴലുകള്‍ രവി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആല്‍ബി ആന്റണി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സെപ്റ്റംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും.
നിമിഷ സജയന്‍ - കരുണാസ് ചിത്രം 'എന്ന വിലൈ': 'കടലാടും സീമയിലെ' ഗാനം പുറത്തിറങ്ങി; റിലീസ് ഈ മാസം