രാജ്യത്ത് പുതിയ ജി.എസ്.ടി. നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ന് മുതല്‍ വെറും രണ്ട് സ്ലാബുകളിലായി (5%, 18%) മാത്രമേ ജി.എസ്.ടി. ഉണ്ടായിരിക്കുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച്, 99 ശതമാനം ഉത്പന്നങ്ങളും 5% സ്ലാബിലാണ് ഉള്‍പ്പെടുക. പുതിയ നിരക്കിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിപണിയില്‍ കര്‍ശനമായ നിരീക്ഷണം തുടരുമെന്ന് കേന്ദ്രം അറിയിച്ചു.
പുതിയ ജി.എസ്.ടി. ഇളവുകള്‍ പ്രകാരം പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. മില്‍മയുടെ ഉല്‍പ്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം എന്നിവയുള്‍പ്പെടെ നൂറിലധികം ഉല്‍പ്പന്നങ്ങളുടെ വില ഇന്ന് മുതല്‍ കുറയും. ഒരു ലിറ്റര്‍ മില്‍മ നെയ്യിന് 45 രൂപ കുറയും. 400 ഗ്രാം വെണ്ണയുടെ വില 240 രൂപയില്‍ നിന്ന് 225 രൂപയായി കുറയും (15 രൂപയുടെ കുറവ്). 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റര്‍ മില്‍മ വാനില ഐസ്‌ക്രീമിന്റെ വില 220 രൂപയില്‍ നിന്ന് 196 രൂപയായി കുറയും.
ലോട്ടറിയുടെ ജി.എസ്.ടി. 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടും ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചു. ടിക്കറ്റിന്റെ വില നിലനിര്‍ത്താനായി സമ്മാനത്തുകയുടെ എണ്ണത്തിലും ഏജന്റുമാര്‍ക്കുള്ള കമ്മീഷനിലും മാറ്റം വരുത്തും. ഏജന്റുമാരുടെ കമ്മീഷനില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചന.