താരസംഘടനയായ 'അമ്മ'യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെയും വിവാദങ്ങളെയും കുറിച്ച് പ്രതികരിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. സംഘടനയ്ക്കകത്തുള്ളത് ചെറിയ കാര്യങ്ങൾ മാത്രമാണെന്നും അതെല്ലാം ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ചെന്നൈയിലേക്ക് തിരിക്കുന്നതിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പത്മഭൂഷൺ ഏറ്റുവാങ്ങുന്നത് കാണാൻ മലയാളികൾ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു' എന്ന മാധ്യമപ്രവർത്തകരുടെ പരാമർശത്തിന്, "എന്ത് ആകാംക്ഷ, ഇത് നേരത്തേ പ്രഖ്യാപിച്ചതല്ലേ" എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ മറുപടി. ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രിയെ കണ്ടതായും അദ്ദേഹം അറിയിച്ചു. ഇവിടെ നിന്ന് നേരെ ചെന്നൈയിലേക്കാണ് പോകുന്നതെന്നും, തമിഴ് നടൻ ധനുഷിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിൽ ഉടൻ പങ്കുചേരുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
ഇതിനുശേഷമാണ് 'അമ്മ' സംഘടനയിലെ തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചത്. ചോദ്യം പൂർത്തിയാകും മുൻപ് തന്നെ, "അതു ചോദിക്കാത്തത് എന്താണെന്നാണ് ഞാൻ ആലോചിക്കുന്നത്" എന്ന് മമ്മൂട്ടി തമാശയോടെ പറഞ്ഞു. തുടർന്ന്, "അത് നടക്കട്ടെ, ഒരു തീരുമാനം ആയിക്കോളും, കുഴപ്പമില്ല" എന്ന ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം ഒതുക്കി. 'എല്ലാം കാത്തിരുന്ന് കാണാം എന്നാണോ' എന്ന് വീണ്ടും ചോദിച്ചപ്പോൾ, "എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റൂ, അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ" എന്ന മറുചോദ്യമാണ് താരം നൽകിയത്.