ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എയ്ഡ്-ഡി-ക്യാമ്പായി (ADC) പ്രവർത്തിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ മേജർ റിഷഭ് സിങ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചു. 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് 30കാരനായ റിഷഭ് സാംബ്യാൽ അപ്രതീക്ഷിതമായി സൈനിക ജീവിതത്തോട് വിടപറഞ്ഞത്.
ചില കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിനാലാണ് സൈന്യത്തിൽനിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് റിഷഭ് വ്യക്തമാക്കി. ഏറെ ആലോചിച്ച ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ജീവിതത്തിലെ ഏറ്റവും കഠിനവും വേദനാജനകവുമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോമും സൈനിക ജീവിതത്തിലെ ദിനചര്യകളും ഇതിനകം തന്നെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ യുവാക്കൾക്ക് പ്രചോദനമാകുന്ന പ്രവർത്തനങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്കായുള്ള പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റിഷഭിന്റെ തീരുമാനം.
സമൂഹമാധ്യമങ്ങളിലെ ‘നാഷണൽ ക്രഷ്’
രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങുകളിലും വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലും ദ്രൗപദി മുർമുവിനൊപ്പം സ്ഥിരസാന്നിധ്യമായതോടെയാണ് റിഷഭ് സാംബ്യാൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഒരു ചടങ്ങിനിടെ രാഷ്ട്രപതി വികാരാധീനയായപ്പോൾ കൈലേസ് നൽകിയത്, മഴയത്ത് കുടപിടിച്ചത്, രാഷ്ട്രപതിയുടെ കൊച്ചുമകളോട് സ്നേഹത്തോടെ സംസാരിച്ചത് തുടങ്ങിയ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായിരുന്നു.
റിപ്പബ്ലിക് ദിന പരേഡുകളിലുൾപ്പെടെ രാഷ്ട്രപതിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധ നേടിയതോടെ സമൂഹമാധ്യമ ഉപയോക്താക്കൾ റിഷഭിനെ ‘നാഷണൽ ക്രഷ്’ എന്ന വിശേഷണവും നൽകി.
എഡിസി കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെ രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം സൈനിക ജീവിതത്തിൽനിന്ന് പടിയിറങ്ങിയത്.
തിളക്കമാർന്ന സൈനിക ജീവിതം
2013ൽ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ പാസായ റിഷഭ് സാംബ്യാൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. 2021ലെ റിപ്പബ്ലിക് ദിന പരേഡിൽ ജാട്ട് റെജിമെന്റ് സംഘത്തെ നയിച്ച അദ്ദേഹം ആ വർഷത്തെ മികച്ച മാർച്ചിങ് കണ്ടിജന്റിനുള്ള ട്രോഫി റെജിമെന്റിന് നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
തുടർന്ന് കരസേനയുടെ എലൈറ്റ് സ്പെഷ്യൽ ഫോഴ്സ് യൂണിറ്റായ 4 പാരാ സ്പെഷ്യൽ ഫോഴ്സിൽ (ഡാഗേഴ്സ്) സേവനമനുഷ്ഠിച്ചു. സൈനിക സേവനത്തിലെ ധീരതയ്ക്ക് നൽകുന്ന ‘ബലിദാൻ ബാഡ്ജും’ അദ്ദേഹം സ്വന്തമാക്കി.
2023 മാർച്ചിലാണ് റിഷഭ് സാംബ്യാൽ രാഷ്ട്രപതിയുടെ എയ്ഡ്-ഡി-ക്യാമ്പായി നിയമിതനായത്. പ്രോട്ടോക്കോൾ പാലിക്കൽ, സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ ഏകോപനം തുടങ്ങിയവയായിരുന്നു പ്രധാന ചുമതലകൾ.
തികച്ചും അപ്രതീക്ഷിതമായാണ് എഡിസി പദവിയിലെത്തിയതെന്നും രാഷ്ട്രപതിക്കൊപ്പമുള്ള സേവനകാലം വ്യക്തിജീവിതത്തിലും വലിയ പാഠങ്ങൾ സമ്മാനിച്ചെന്നും റിഷഭ് സാംബ്യാൽ ഓർമിച്ചു.