'തുടരും' ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ (LAW AND ORDER) സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്നു. പൂർണ്ണമായും പോലീസ് പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു റിയലിസ്റ്റിക് മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. സൂപ്പർഹിറ്റ് ചിത്രം 'ബ്ലാക്കി'ലെ ജനപ്രിയ കഥാപാത്രമായ 'കാരിക്കാമുറി ഷൺമുഖൻ' ആയി മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ കാമിയോ വേഷത്തിൽ വീണ്ടും എത്തുമ്പോൾ പ്രേക്ഷകരിൽ ആവേശം വാനോളമുയരുകയാണ്.
സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ്.ഐ.മാരുടെയും അവരെ നയിക്കുന്ന മുതിർന്ന പോലീസ് ഓഫീസറുടെയും ഔദ്യോഗിക ജീവിതത്തിലെ സംഘർഷഭരിതമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹം. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, റിനോഷ് ജോർജ്ജ്, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജോണി ആന്റണി, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, സാബു മോൻ, സന്ധ്യ രാജേന്ദ്രൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നിവയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവ്വഹിക്കുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുമ്പോൾ, കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
മനോജ് കണ്ണോത്ത് എഡിറ്റിംഗും, സാബുറാം പ്രൊഡക്ഷൻ ഡിസൈനും, സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. റോഷൻ എൻ.ജി. മേക്കപ്പും, വിഷ്ണു സുജാതൻ ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു. കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി.സി. സ്റ്റണ്ട്സ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. എ.എസ്. ദിനേശാണ് ചിത്രത്തിന്റെ പി.ആർ.ഒ.