ബെംഗളൂരു: എഐസിസി പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ 'ശുദ്ധീകരണ ക്രിയകള്‍' നടത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ബെംഗളൂരു പൊലീസ് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 31-ന് ആദിവാസി കോണ്‍ഗ്രസ് മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ടി.ആര്‍. രാമപ്പ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് ബെംഗളൂരു വിധാനസൗധ പൊലീസ് നടപടിയെടുത്തത്.
ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി രാംലീല മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിന് പിന്നാലെയാണ് സംഭവം. ദളിത് വിഭാഗത്തില്‍പ്പെട്ട ഖര്‍ഗെ പങ്കെടുത്തതിനെ തുടര്‍ന്ന് വേദി അശുദ്ധമായെന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജാതീയമായി അപമാനിക്കുകയും ശുദ്ധീകരണ ചടങ്ങുകള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതിയിലെ ആരോപണം. കൂടാതെ, ഈ നടപടിയെ മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ മഹേന്ദ്ര ഭട്ടിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പൗരാവകാശ സംരക്ഷണ നിയമം, പട്ടികജാതി/പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196(1)(ബി) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവം നടന്നത് ഉത്തരാഖണ്ഡിലാണെങ്കിലും, കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് ബെംഗളൂരു പൊലീസ് അതിര്‍ത്തി തടസ്സമാകാത്ത രീതിയില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ അന്വേഷണങ്ങള്‍ക്കായി എഫ്ഐആര്‍ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി പൊലീസിന് കൈമാറും.
'ഖര്‍ഗെ നേരിട്ടത് ജാതീയ അപമാനം': ഹല്‍ദ്വാനി വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബംഗളൂരു പോലീസ്