തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം. ഇന്നിങ്സിനും 36 റണ്‍സിനുമാണ് കേരളം ഒഡിഷയെ തകര്‍ത്തത്. നാലാം ദിനം 4 വിക്കറ്റിന് 102 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഒഡിഷയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച 6 വിക്കറ്റുകളും ഒഡിഷയ്ക്ക് നഷ്ടമായി. തിരുവനന്തപുരം മംഗളപുരം കെസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ജലജ് സക്സേനയാണ് ഒഡിഷയുടെ പതനം പൂര്‍ത്തിയാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ 18 ഓവറില്‍ 7 മെയ്ഡനുകള്‍ ഉള്‍പ്പെടെ 34 റണ്‍സ് മാത്രം വഴങ്ങിയാണ് സക്‌സേന 5 വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റുകള്‍ നേടി. ഒഡിഷ നിരയില്‍ ഓപ്പണര്‍ ഗൗരവ് ചൗധരി രണ്ടിന്നിങ്‌സിലും അര്‍ദ്ധ സെഞ്ചുറി (50, 53) നേടിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ഒന്നാം ഇന്നിങ്‌സില്‍ 4 വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രനും മൂന്ന് വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെയുമാണ് ഒഡിഷയെ 225 റണ്‍സില്‍ ഒതുക്കാന്‍ സഹായിച്ചത്.
നേരത്തെ, മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെയും മിന്നുന്ന സെഞ്ചുറികളുടെ കരുത്തിലാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 404 റണ്‍സ് പടുത്തുയര്‍ത്തിയത്. ഒന്നാം ദിനം ബാറ്റിങ് തകര്‍ച്ച നേരിട്ട കേരളത്തെ സച്ചിന്‍ ബേബിയുടെ സെഞ്ചുറിയാണ് കരകയറ്റിയത്. രണ്ടാം ദിനം ആക്രമണം ഏറ്റെടുത്ത അസ്ഹറുദ്ദീന്‍ 263 പന്തില്‍ 11 ഫോറുകളോടെ 139 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 53 റണ്‍സെടുത്ത ആദിത്യ സര്‍വാതെ അസ്ഹറുദ്ദീന് മികച്ച പിന്തുണ നല്‍കി.
വിജയത്തോടെ സീസണില്‍ മികച്ച തുടക്കം കുറിച്ച കേരളത്തിന്റെ അടുത്ത മത്സരം ഒക്ടോബര്‍ 26 മുതല്‍ കരുത്തരായ ബംഗാളിനെതിരെയാണ്.
രഞ്ജി ട്രോഫി: ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം; അഞ്ചു വിക്കറ്റുമായി തിളങ്ങി ജലജ് സക്സേന