തിരുവനന്തപുരം: കോവളത്ത് സ്പായുടെ മറവില്‍ പതിനാറുകാരിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. സംഭവത്തിന് പിന്നിലെ മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്പാകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അനുരൂപാണ് കോവളം കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി എന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക സാമ്പത്തിക ഇടപാടുകള്‍ നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഉള്ളൂര്‍ സോണല്‍ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരിക്കെയാണ് അനുരൂപ് സ്പാ ബിസിനസുകളിലേക്ക് തിരിഞ്ഞത്. പീഡനം നടന്ന കോവളത്തെ സ്പാ ഇയാളുടെ ബെനാമി സ്ഥാപനമാണെന്നും, മറ്റ് രണ്ട് സ്പാകളില്‍ കൂടി ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെ കോവളത്ത് എത്തിച്ചതിന് പിന്നിലും അനുരൂപിന്റെ ഇടപെടലുകളുണ്ട്. അ-റസ്റ്റിലായതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് അനുരൂപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് സ്ഥിരമായി പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നഗരസഭ കടന്നിട്ടുണ്ട്.
കേസില്‍ തികച്ചും അമ്പരപ്പിക്കുന്നതും ദാരുണവുമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെ മാതൃസഹോദരിയാണ് വളര്‍ത്തിയത്. എന്നാല്‍, ഈ വളര്‍ത്തമ്മ തന്നെ കുട്ടിയെ പീഡനത്തിനായി വില്‍ക്കുകയായിരുന്നു. ഓരോ പീഡനത്തിനും 1,000 മുതല്‍ 4,000 രൂപ വരെ കമ്മീഷന് വാങ്ങിയാണ് കുട്ടിയെ സ്പായിലെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
കുട്ടി ചൂഷണത്തിന് വഴങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വളര്‍ത്തമ്മയും ഭര്‍ത്താവും ഇതേ സ്പായില്‍ ശുചീകരണ ജീവനക്കാരായി ജോലിയില്‍ പ്രവേശിച്ചു. പീഡനത്തെ എതിര്‍ത്തപ്പോഴെല്ലാം കുട്ടിയെ ഇരുവരും ചേര്‍ന്ന് അതിക്രൂരമായി ഉപദ്രവിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വിറ്റ വളര്‍ത്തമ്മ, ഭര്‍ത്താവ്, അനുരൂപ് എന്നിവരുള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം നിലവില്‍ പൊലീസിന്റെ പിടിയിലാണ്. തമിഴും മലയാളവും സംസാരിക്കുന്ന നിരവധി പേര് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്പായില്‍ സിസിടിവി ദൃശ്യങ്ങളോ രജിസ്റ്ററോ ഇല്ലാത്തതിനാല്‍, ഫോണ്‍ കോള്‍ രേഖകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടിയെ ചൂഷണം ചെയ്ത സന്ദര്‍ശകരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത അന്വേഷണത്തിലാണ് പൊലീസ്.
കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ കര്‍ശന നടപടി