തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ നടന്നതായി പറയപ്പെടുന്ന ‘ശുദ്ധീകരണ’ ചടങ്ങിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഖാർഗെ റാലിയിൽ പങ്കെടുത്തതിന് പിന്നാലെ രാംലീല മൈതാനത്ത് നടന്ന ‘ശുദ്ധീകരണ’ ചടങ്ങ് അന്തസ്സും സമത്വവും ജാതിവിവേചനവും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ശബ്ദമുയർത്തിയതിനാണ് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്കെതിരായ എഫ്ഐആർ ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതിന്റെ പേരിൽ വിയോജിപ്പുകളെ ക്രിമിനൽ നടപടികളിലൂടെ നേരിടാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾക്ക് രാഷ്ട്രീയമായാണ് മറുപടി നൽകേണ്ടത്. ഭീഷണിപ്പെടുത്തലിലൂടെയോ നിയമത്തിന്റെ ദുരുപയോഗത്തിലൂടെയോ രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പിന്തുണ അറിയിച്ച മുഖ്യമന്ത്രി, ജാതിവിവേചനത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.