'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. സഭയെ തെറ്റായ വിവരങ്ങൾ ധരിപ്പിച്ച പ്രതിരോധ മന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി.
2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. ഈ ഓപ്പറേഷനിൽ ഒരു ഇന്ത്യൻ സൈനികന് പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ സൈനിക നീക്കത്തിനിടെ ആറ് ജവാന്മാർ വീരമൃത്യു വരിച്ചതായി ഒരു വർഷത്തിന് ശേഷം സർക്കാർ ഇപ്പോൾ ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണ്.
യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച് പ്രതിരോധ മന്ത്രി പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇത് സഭയെ അനാദരിക്കുന്നതിന് തുല്യമാണ്. രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരജവാന്മാരുടെ കുടുംബങ്ങളെയും രാജ്യത്തെ സൈന്യത്തെയും ആകെ അപമാനിക്കുന്നതാണ് പ്രതിരോധ മന്ത്രിയുടെ ഈ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു.