പ്രതിപക്ഷമുയര്‍ത്തിയ ആശങ്കകള്‍ വെറുതെ അതില്‍ കഴമ്പുണ്ടെന്നും ബോധ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍എം പി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വഖഫ് നിയമഭേദഗതിക്ക് മേല്‍ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പൂര്‍ണമായി അവഗണിച്ച കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് കോടതി നടപടി. ജുഡീഷ്യറിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധിയാണിതെന്നും കെ സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബില്ല് അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ എംപിമാര്‍ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ത്തിയത്. വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖഫ് അസാധുവാകും, വഖഫ് സ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കത്തില്‍ കലക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിക്കുക, വഖഫ് കൗണ്‍സിലുകളില്‍ അമുസ്ലിം അംഗങ്ങള്‍ ഭാഗമാവുക തുടങ്ങിയ വ്യവസ്ഥകള്‍ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും ഇവ പിന്‍വലിക്കണമെന്നുമാണ് അന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇതില്‍ രണ്ട് ഭേദഗതികള്‍ പൂര്‍ണമായും ഒരു ഭേദഗതി ഭാഗികമായും കോടതി സ്റ്റേ ചെയ്തുകഴിഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ഈ ആശങ്ക പരിഗണിച്ചിരുന്നെങ്കില്‍, പരമോന്നത കോടതിയില്‍ നിന്ന് ഈ നാണക്കേടേല്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു സുപ്രീം കോടതിയില്‍ പ്രതിപക്ഷം നടത്തിയത്. ആ പോരാട്ടം വിജയത്തിലേക്കെത്തുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പരമോന്നത കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. മുസ്ലീം ജനവിഭാഗത്തെ അരികുവത്കരിച്ചുകൊണ്ട്, വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം ഒരു കാരണവശാലും വിജയം കാണില്ല. അതിന് തടയിടുക തന്നെ ചെയ്യും. കോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയാണ് ഇനി വേണ്ടത്.