മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് 'ഇന്ത്യൻ സിനിമാ കമ്പനി'. അനുരാജ് മനോഹർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായ 'നരിവേട്ട'യിലൂടെയാണ് ഈ നിർമ്മാണ കമ്പനി സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ക്ലീൻ എന്റർടൈനർ ചിത്രം നിരൂപക പ്രശംസയും വലിയ സാമ്പത്തിക വിജയവും നേടി മലയാള സിനിമയിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചിരുന്നു. ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസിനസ് നടത്തിവരുന്ന ടിപ്പു ഷാനും ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ സാരഥികൾ.
കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നതിനാലാണ് ഇത്തരമൊരു നിർമ്മാണ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചതെന്ന് സാരഥികൾ വ്യക്തമാക്കുന്നു. മറ്റ് ബിസിനസുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും സന്തോഷവും പകരണം. ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനിൽപ്പുമെന്ന് നിർമ്മാതാവ് ടിപ്പു ഷാൻ വ്യക്തമാക്കി. നിലവിൽ ഈ ബാനറിൽ രണ്ട് പുതിയ സിനിമകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരേസമയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഷറഫുദീനും 'വാഴ 2' ഫെയിം അലൻ ബിൻ സിറാജും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ് ഇതിലൊന്ന്. നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ സെപ്റ്റംബർ നാലിന് മൈസൂരിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. ഹ്യൂമർ, ഫാമിലി എന്റർടൈനർ ജോണറിലൊരുങ്ങുന്ന ഈ ചിത്രം കഥയിലെ പുതുമ കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകർക്ക് ഹൃദ്യമായ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് അണിയറക്കാർ പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സിനിമാക്കമ്പനിയുടെ മറ്റൊരു പുതിയ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ടീനേജ് റോം-കോം (Rom-Com) പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ സിനിമ യുവതലമുറയേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്നതാണ്. അങ്കമാലിയും പരിസര പ്രദേശങ്ങളിലുമായാണ് ഇതിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പുത്തൻ ചിന്തകൾക്കും പുതിയ പ്രതിഭകൾക്കും വലിയ പ്രാധാന്യമാണ് കമ്പനി നൽകുന്നത്.
ഈ രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽത്തന്നെ, മറ്റ് രണ്ട് സിനിമകളുടെ പ്രീ-പ്രൊഡക്ഷൻ നടപടികളും അണിയറയിൽ നടക്കുന്നുണ്ട്. ഇതിൽ ഒരു ചിത്രത്തിന്റെ ചിത്രീകരണം അടുത്ത തന്നെ ആരംഭിക്കുമെന്ന് ടിപ്പു ഷാൻ വ്യക്തമാക്കിയിട്ടുണ്ട്.
പി.ആർ.ഒ: വാഴൂർ ജോസ്