ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫിലിം 'ഐ ആം ഗെയിം' തിയേറ്ററുകളില്‍ വമ്പന്‍ വിജയത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയില്‍, ചിത്രത്തില്‍ 'വിക്കി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവതാരം ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ ചിത്രത്തിലെ ആന്റണിയുടെ പ്രകടനം വലിയ പ്രേക്ഷകപ്രശംസയാണ് നേടുന്നത്.
ക്രിക്കറ്റിന് ഏറെ പ്രാധാന്യമുള്ള കഥാന്തരീക്ഷത്തില്‍ ഒരു ക്രിക്കറ്റ് താരമായാണ് ആന്റണി വര്‍ഗീസ് എത്തുന്നത്. ദുല്‍ഖര്‍ അവതരിപ്പിച്ച 'ഡാന്‍' എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതും ചിത്രത്തിലെ പ്രധാന വഴിത്തിരിവുകള്‍ക്ക് കാരണമാകുന്നതുമായ ഒന്നാണ് 'വിക്കി'. ആക്ഷനും പ്രണയവും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കിയ ഈ കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റസി, ആക്ഷന്‍, ത്രില്ലര്‍ ഘടകങ്ങള്‍ സമന്വയിപ്പിച്ച ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്തത്. മിഷ്‌കിന്‍, കതിര്‍, കായദു ലോഹര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ തിരക്കഥയും സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ സംഭാഷണവും ഒരുക്കിയിരിക്കുന്നു. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും അന്‍പറിവ് മാസ്റ്റേഴ്‌സിന്റെ സംഘട്ടന രംഗങ്ങളും ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്നു. ചമന്‍ ചാക്കോ എഡിറ്റിംഗും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വ്വഹിച്ച ചിത്രത്തിന്റെ പി.ആര്‍.ഒ ശബരിയാണ്.
'ഐ ആം ഗെയിം': ആന്റണി വര്‍ഗീസിന്റെ 'വിക്കി'; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു