ഗാംങ്ടോക്ക്/ന്യൂഡൽഹി: സിക്കിമിന്റെ 19-ാമത് ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാംങ്ടോക്കിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒ.പി. മാത്തൂറിന് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മന്ത്രിസഭാംഗങ്ങൾ, നിയമസഭാ സ്പീക്കർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിനു ശേഷം സിക്കിം സായുധ പൊലീസ് ഗവർണർക്ക് ഔദ്യോഗിക ഗാർഡ് ഓഫ് ഓണറും നൽകി.
അതേസമയം, ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദുഷ്യന്ത് കുമാർ ഗൗതമിന്റെ നിയമനത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കേസിലെ വിവാദമായ വിഐപി ബന്ധത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിക്കിമിലും ഡൽഹി ഇന്ത്യ ഗേറ്റിലും പ്രതിഷേധങ്ങൾ നടന്നു. അങ്കിതയുടെ മാതാപിതാക്കൾ നടത്തിയ ധർണ്ണയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരിട്ടെത്തി പിന്തുണയറിയിച്ചിരുന്നു. ഡൽഹിയിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും കുടുംബാംഗങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
2022 സെപ്റ്റംബർ 18-നാണ് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള വനാന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. റിസോർട്ടിലെത്തുന്ന അതിഥികൾക്ക് ലൈംഗിക സേവനം നൽകാൻ നിർബന്ധിച്ചതിനെ എതിർത്തതിനാണ് റിസോർട്ട് ഉടമ പുൽകിത് ആര്യ അങ്കിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പുൽകിത് ആര്യ അടക്കമുള്ള പ്രതികൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്. എന്നാൽ കേസിൽ ഒരു വിഐപിക്ക് കൂടി പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന്, വിവാദങ്ങളുടെ നിഴലിലുള്ള ദുഷ്യന്ത് കുമാർ ഗൗതമിനെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ സിക്കിം ഗവർണറായി നിയമിച്ചിരിക്കുന്നത്