ഹൈദരാബാദ്: പ്രശസ്ത സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന 'യെല്ലമ്മ' എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദേവി ശ്രീ പ്രസാദിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ 'പാര്‍ഷി'യുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
വമ്പന്‍ മാസ് പോസ്റ്ററുകളുടെ കാലഘട്ടത്തില്‍, വളരെ ലളിതവും ഹൃദയസ്പര്‍ശിയുമായ അവതരണമാണ് 'യെല്ലമ്മ'യുടേതായി പുറത്തുവന്നിരിക്കുന്നത്. സാധാരണ വേഷത്തില്‍, കൈയില്‍ ഒരു കിരീടവുമായി നില്‍ക്കുന്ന ദേവി ശ്രീ പ്രസാദിന്റെ ലുക്ക് കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സ്വഭാവവും വ്യക്തമാക്കുന്നു.
'ബലഗം' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വേണു യെല്‍ദണ്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ദില്‍ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനവും ദേവി ശ്രീ പ്രസാദ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പാന്‍-ഇന്ത്യ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് അഭിനയരംഗത്തേക്ക്; 'യെല്ലമ്മ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി