ന്യൂഡല്ഹി: രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടി നല്കിക്കൊണ്ട് വാണിജ്യ ആവശ്യങ്ങള്ക്കുള്ള എല്പിജി സിലിണ്ടറുകളുടെ വില വീണ്ടും വര്ധിപ്പിച്ചു. സിലിണ്ടറൊന്നിന് 9 രൂപ 50 പൈസയുടെ വര്ധനവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില് വന്നതോടെ കൊച്ചിയില് വാണിജ്യ സിലിണ്ടറിന്റെ വില 2,783.50 രൂപയായി ഉയര്ന്നു.
ഡല്ഹിയില് 19 കിലോഗ്രാം സിലിണ്ടറിന് 2,747.50 രൂപയും മുംബൈയില് 2,701 രൂപയും ചെന്നൈയില് 2,916.50 രൂപയുമാണ് പുതിയ നിരക്ക്. അതേസമയം, ഗാര്ഹിക എല്പിജി സിലിണ്ടറുകളുടെ വിലയില് മാറ്റമൊന്നുമില്ല.
തുടര്ച്ചയായ വിലക്കയറ്റത്തിന് ശേഷം നാല് ഘട്ടങ്ങളിലായി 1000 രൂപയിലധികം കൂട്ടിയിരുന്ന സിലിണ്ടര് വിലയില്, പശ്ചിമേഷ്യന് സംഘര്ഷങ്ങള്ക്ക് നേരിയ അയവു വന്നതോടെ കഴിഞ്ഞ രണ്ട് തവണയായി 350 രൂപയോളം കുറവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് വീണ്ടും വില വര്ധിപ്പിച്ചത്.
ഹോട്ടലുകള്, തട്ടുകടകള്, ബേക്കറികള്, കുടുംബശ്രീ ഭക്ഷ്യോല്പ്പാദന യൂണിറ്റുകള്, മറ്റ് ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങള് എന്നിവയ്ക്ക് ഈ പ്രതിസന്ധി നേരിട്ടടിയാകും. വാണിജ്യ സിലിണ്ടര് വില വീണ്ടും ഉയര്ന്ന സാഹചര്യത്തില് സംസ്ഥാനത്ത് ഹോട്ടല് ഭക്ഷണ നിരക്കുകള് വര്ധിക്കാനും സാധ്യതയുണ്ട്.
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി: ഭക്ഷ്യവ്യവസായ മേഖലയ്ക്ക് തിരിച്ചടി; ഗാര്ഹിക സിലിണ്ടറുകളില് മാറ്റമില്ല