ന്യൂഡൽഹി: അഭിജീത് ദിപ്കേ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ (CJP) ആദ്യ വിമതനീക്കം. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക്’ (CJP-D) എന്ന പേരിൽ പുതിയ വിഭാഗം രൂപീകരിച്ചു.
യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കേ തനിക്ക് താൽപര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കി മാറ്റിയെന്നാണ് ബ്രഹ്മഭട്ടിന്റെ പ്രധാന ആരോപണം. സിജെപി നേതൃത്വത്തിൽ മുൻ ആം ആദ്മി പാർട്ടി പ്രവർത്തകരാണ് കൂടുതലെന്നും ബിജെപിയെ എതിർക്കുക മാത്രമാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
“രാഷ്ട്രീയ കച്ചവടമാണ് സിജെപിയുടെ ലക്ഷ്യം. വിദ്യാർഥികളും സാധാരണ ജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താൽപര്യമില്ല. കേജ്രിവാളിന്റെ നിർദേശപ്രകാരം ബിജെപിയെ എതിർക്കാനാണ് അവർ പ്രവർത്തിക്കുന്നത്,” ബ്രഹ്മഭട്ട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ജന്തർ മന്ദിർ പ്രക്ഷോഭകരെ അവഗണിച്ചെന്ന് ആരോപണം
സിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ ടീമിന്റെ ഘടനയെയും ബ്രഹ്മഭട്ട് ചോദ്യം ചെയ്തു. ജന്തർ മന്ദിർ പ്രക്ഷോഭത്തിന് പിന്തുണ നൽകിയ വ്യക്തികൾക്കും വിഭാഗങ്ങൾക്കും നേതൃത്വത്തിൽ അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാണ് ആരോപണം.
സിജെപി ദേശീയ കൺവീനറായി അഭിജീത് ദിപ്കേ ദേശീയ വർക്കിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയിൽ ദിപ്കേയോട് അടുപ്പമുള്ളവർക്ക് മാത്രമാണ് മുൻഗണന നൽകിയതെന്നും സമരത്തിൽ പങ്കെടുത്തവരുമായി മതിയായ കൂടിയാലോചന നടത്തിയില്ലെന്നും ബ്രഹ്മഭട്ടും അനുയായികളും നേരത്തെ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയാണ് മനീഷ് ബ്രഹ്മഭട്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
കോക്രോച്ച് ജനതാ പാർട്ടിയിൽ ആദ്യ വിമതനീക്കം; പുതിയ വിഭാഗവുമായി മുൻ വൊളന്റിയർ മനീഷ് ബ്രഹ്മഭട്ട്