വൈക്കം മുഹമ്മദ് ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകളെയും മാനവിക കാഴ്ചപ്പാടുകളെയും ആസ്പദമാക്കി കെപിസിസി സാഹിതി തിയറ്റേഴ്‌സ് അണിയറയിലൊരുക്കുന്ന പുതിയ നാടകം ‘ചൊറിയൻപുഴ യുദ്ധം’ എൻട്രി പാസ് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എൻട്രി പാസ് പ്രകാശനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ, വി.പി. അബ്ദുൽ റഷീദ്, നഹാസ് പത്തനംതിട്ട, മുഹമ്മദ് സലീൽ സാലി, അംബരീഷ് തട്ട, റ്റിജോ സാമുവൽ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നടന്നത്.
ലോകത്ത് യുദ്ധങ്ങൾ അവസാനിക്കണമെന്നും സമാധാനവും സഹവർത്തിത്വവും പുലരണമെന്നുമുള്ള ബഷീറിന്റെ ശക്തമായ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ നാടകത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം മുന്നോട്ടുവെക്കുന്ന ഈ കലാസൃഷ്ടി ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ ഏറെ പ്രസക്തമാണ്.
സി. ആർ. മഹേഷ് എംഎൽഎ, ഹേമന്ത് കുമാർ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാനായും നഹാസ് പത്തനംതിട്ട ജനറൽ കൺവീനറായും നാടകത്തിന്റെ സംഘാടന ചുമതലകൾ വഹിക്കുന്നു.
നാടക പ്രചാരണത്തിനായി ആധുനിക മാർഗ്ഗങ്ങൾക്കൊപ്പം പഴയകാല സാംസ്കാരിക തനിമ വിളിച്ചോതുന്ന പരമ്പരാഗത ചുവരെഴുത്തുകളും സജീവമാക്കിയിട്ടുണ്ട്. പുതിയ കാലത്തെ പ്രചാരണരീതികൾക്കിടയിലും ജനങ്ങളിലേക്ക് നേരിട്ടെത്താനുള്ള ഇത്തരം ശ്രമങ്ങൾ പഴയകാല സാംസ്കാരിക തനിമ വീണ്ടെടുക്കുന്ന നീക്കമായി ശ്രദ്ധിക്കപ്പെടുന്നു.
നവംബർ 8 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് നാടകം അരങ്ങേറുന്നത്. യുദ്ധവിരുദ്ധ സന്ദേശവും സാമൂഹിക പ്രസക്തിയും ഉൾക്കൊള്ളുന്ന നാടകം കാണാൻ സാഹിത്യ-സാംസ്കാരിക പ്രവർത്തകരെയും നാടകപ്രേമികളെയും പൊതുജനങ്ങളെയും സംഘാടകർ ക്ഷണിച്ചു.
ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ്രകാശനം ചെയ്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല