മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ മുംബൈയിലെ ജൂഹുവിൽ വെച്ചുണ്ടായ വെടിവെയ്പ്പ് സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ഗുണ്ടാ തലവൻ അനിൽ പണ്ഡിറ്റ് ഏറ്റെടുത്തു. അപകടത്തിൽ നടൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച ശബ്ദസന്ദേശത്തിലൂടെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനിൽ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം വെളിപ്പെടുത്തിയത്.
താനും കൂട്ടാളി ഹർമാൻ സന്ധുവുമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയ അനിൽ പണ്ഡിറ്റ്, ബോളിവുഡ് സിനിമാ ലോകത്തിനും നടൻ സൽമാൻ ഖാനും കടുത്ത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയ് സമുദായത്തോടും സൽമാൻ ഖാൻ നിരുപാധികം മാപ്പ് പറയണമെന്നും, ബിഷ്ണോയിയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സിനിമാമേഖലയിലുള്ള ആരെയും വധിക്കുമെന്നും ഇത് തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും സന്ദേശത്തിൽ ഭീഷണി മുഴക്കുന്നു.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനിൽ പണ്ഡിറ്റ് 2024-ൽ 'ഡങ്കി' വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്ന ശേഷം ബിഷ്ണോയ് ഗാംഗിൽ ചേരുകയായിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. നിലവിൽ അമേരിക്കയിൽ നിന്ന് പ്രവർത്തിക്കുന്ന ഹരി ചന്ദ് ജാട്ട് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഇതിനുമുമ്പും ബോളിവുഡ് ലോകത്തെ പ്രമുഖർക്കും സംഗീതജ്ഞർക്കും നേരെ ബിഷ്ണോയ് സംഘത്തിൽ നിന്ന് സമാനമായ രീതിയിൽ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ, സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം