ന്യൂഡല്ഹി: രാജ്യത്തെ ഞെട്ടിച്ച അയോധ്യ സംഭാവനക്കൊള്ളക്കേസില് അറസ്റ്റിലായ പ്രതികള്ക്കെതിരെ ഇഡിയുടെ അന്വേഷണത്തിന് സാധ്യതയേറുന്നു. കേസില് പിടിയിലായ മുഴുവന് പ്രതികള്ക്കും അവരുടെ പ്രഖ്യാപിത വരുമാനത്തേക്കാള് വലിയ തോതിലുള്ള അനധികൃത സമ്പാദ്യമുണ്ടെന്നാണ് നിലവിലെ പോലീസ് അന്വേഷണത്തില് വ്യക്തമായിരിക്കുന്നത്. പ്രതികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബാങ്ക് ഇടപാടുകളും ഭൂമി കൈമാറ്റങ്ങളും പരിശോധിച്ച അന്വേഷണ സംഘം ശേഖരിച്ച പ്രാഥമിക വിവരങ്ങള് തന്നെ വന് തോതിലുള്ള കള്ളപ്പണ വെളുപ്പിക്കല് വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തില് വരുംദിവസങ്ങളില് പോലീസ് തന്നെ ഔദ്യോഗികമായി ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടേക്കും.
തട്ടിപ്പിലൂടെ സമാഹരിച്ച ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വര്ണ്ണവുമാണ് പ്രതികളുടെ വീടുകളില് നിന്ന് പോലീസ് ഇതിനോടകം കണ്ടുകെട്ടിയിട്ടുള്ളത്. മുഖ്യപ്രതികളായ അവിനാശ് ശുക്ലയുടെ വീട്ടില് നിന്ന് 20 ലക്ഷം രൂപയും, കരുണേഷ് പാണ്ഡെയുടെ പക്കല് നിന്ന് 18 ലക്ഷം രൂപയും, അനുകല്പ് മിശ്രയില് നിന്ന് 16 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമെ മറ്റ് പ്രതികളായ ലവ്കുശില് നിന്ന് 14 ലക്ഷം രൂപയും, രാംശങ്കര് മിശ്രയില് നിന്ന് 7 ലക്ഷവും, രാംശങ്കര് യാദവില് നിന്ന് ഒരു ലക്ഷം രൂപയും കണ്ടെടുത്തു. പണത്തിന് പുറമെ 11 ഗ്രാം സ്വര്ണ്ണവും 375 ഗ്രാം വെള്ളിയും പ്രതികളില് നിന്ന് കണ്ടുകെട്ടിയിട്ടുണ്ട്.
അതേസമയം ജീവനക്കാരെ നിയമിച്ചതിലും ക്ഷേത്രത്തിലേക്കാവശ്യമായ സാധനങ്ങള് വാങ്ങിയതിലും ട്രസ്റ്റ് അംഗം അനില് മിശ്ര കമ്മിഷന് വാങ്ങിയെന്ന ആരോപണവും ഉയരുന്നു. 100 രൂപയില് താഴെ വിലയുള്ള ചൂല് ആയിരത്തിലേറെ രൂപയ്ക്കു വാങ്ങിയെന്നു ക്ഷേത്ര ജീവനക്കാരിലൊരാള് ആരോപിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോള് മുഖ്യ യജമാനനായി ചടങ്ങിലുണ്ടായിരുന്നത് അനില് മിശ്രയായിരുന്നു. ട്രസ്റ്റിയായ ശേഷം ഇയാളുടെ ആസ്തി കുത്തനെ ഉയര്ന്നു. അറസ്റ്റിലായവരില് ഇയാളുടെ ബന്ധുക്കളും ഉള്പ്പെട്ടിട്ടുണ്ട്.2025ലെ കുംഭമേള സമയത്താണ് വന് കൊള്ള നടത്തിയതെന്ന് അനുകല്പ് മിശ്രയും ഭാര്യാസഹോദരന് ലവ്കുശ് മിശ്രയും മൊഴി നല്കിയിട്ടുണ്ട്. ആറിലേറെ സ്ഥലങ്ങളില് ഇവര് ഭൂമി വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചു.
ഭക്തരെ വഞ്ചിക്കാന് പ്രതികള് ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയതെന്ന് തെളിയിക്കുന്നതാണ് പരിശോധനയില് കണ്ടെടുത്ത മറ്റ് രേഖകള്. പ്രതിയായ അവിനാശ് ശുക്ലയുടെ വീട്ടില് നിന്ന് 'രാംരാജ്യ ഘോഷ്' എന്നെഴുതി വ്യാജ ക്യു.ആര് കോഡ് പതിപ്പിച്ച സംഭാവനപ്പെട്ടിയും പോലീസ് സംഘം കണ്ടെടുത്തു. ഡിജിറ്റല് ഇടപാടുകളിലൂടെയും അല്ലാതെയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് രാജ്യവ്യാപകമായി നടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതല് സാമ്പത്തിക സ്രോതസ്സുകളിലേക്ക് അന്വേഷണം നീളുന്നതോടെ വലിയൊരു മാഫിയ ഗ്രൂപ്പിന്റെ വിവരങ്ങള് പുറത്തുവരുമെന്നാണ് സൂചന.
അയോധ്യ സംഭാവനക്കൊള്ളക്കേസ്: ഭക്തരെ പറ്റിച്ച് ഉണ്ടാക്കിയത് കോടികൾ; പ്രതിയുടെ വീട്ടിൽ ക്യുആർ കോഡ് പതിപ്പിച്ച സംഭാവനപ്പെട്ടി, കണ്ടെടുത്തത് 20 ലക്ഷം