സാങ്കേതിക തകരാര്‍: ബ്രിട്ടനില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം നിശ്ചലമായി; ആയിരത്തോളം വിമാനങ്ങള്‍ റദ്ദാക്കി
ലണ്ടന്‍: ബ്രിട്ടനിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലുണ്ടായ വന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാന ഗതാഗതം താറുമാറായി. ആയിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങള്‍ വൈകുകയും ചെയ്തതോടെ യുകെയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി.
ഹീത്രോ, ഗാറ്റ്വിക്ക്, സ്റ്റാന്‍സ്റ്റഡ്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, എഡിന്‍ബറോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഫ്‌ലൈറ്റ് പ്രോസസിങ് സംവിധാനത്തിലുണ്ടായ തകരാറാണ് ഈ അടിയന്തര സാഹചര്യത്തിന് കാരണമായതെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (NATS) വ്യക്തമാക്കി. ബ്രിട്ടീഷ് എയര്‍വേയ്സ്, ഈസിജെറ്റ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ മുന്‍നിര എയര്‍ലൈനുകളുടെ സര്‍വീസുകളെല്ലാം മുടങ്ങി. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24-ഉം യുകെയിലെ വ്യോമഗതാഗതം നിശ്ചലമായതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
മണിക്കൂറുകളോളം വിമാനത്തിനുള്ളിലും വിമാനത്താവളങ്ങളിലുമായി കുടുങ്ങിക്കിടക്കേണ്ടി വന്നതിന്റെ ദുരിതം നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കൃത്യസമയത്ത് വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.
നിലവില്‍ സിസ്റ്റത്തിലെ തകരാര്‍ പരിഹരിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ രാജ്യത്തെ 15-ലധികം വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രാജ്യത്തെ വ്യോമഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച ഈ സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.