തായ്‌ലൻഡിൽ സ്കൂളിൽ വിദ്യാർത്ഥിയുടെ വെടിവെപ്പ്; ആറുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ബാങ്കോക്ക്: തായ്‌ലൻഡിലെ നോന്താബുരി പ്രവിശ്യയിലെ ഡെബ്സിരിൻ നോന്താബുരി സ്കൂളിൽ 14 വയസ്സുകാരനായ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ആറായി. കൊല്ലപ്പെട്ടവരിൽ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ആക്രമണത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റതായും, ഇവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, സ്കൂളിലെ ആക്രമണത്തിന് മുമ്പ് പ്രതി സ്വന്തം വീട്ടിലെത്തി മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. തുടർന്ന് മുത്തശ്ശന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റളുമായി സ്കൂളിലെത്തിയാണ് ആക്രമണം നടത്തിയത്.
ഏകദേശം 3,000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ എത്തിയ പ്രതി ക്യാമ്പസിനുള്ളിൽ 26 റൗണ്ടോളം വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതി സ്വയം വെടിയുതിർക്കുകയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വെടിയൊച്ച മുഴങ്ങിയതോടെ സ്കൂൾ ക്യാമ്പസിൽ പരിഭ്രാന്തി പരന്നു. നിരവധി വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെ ബെഞ്ചുകൾക്ക് അടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പലർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
വിവരം ലഭിച്ച ഉടൻ വൻ പോലീസ് സംഘവും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി സ്കൂൾ ക്യാമ്പസ് സുരക്ഷിതമാക്കുകയും വിദ്യാർത്ഥികളെയും അധ്യാപകരെയും ഒഴിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ നടുക്കിയ അത്യന്തം ദാരുണമായ സംഭവമാണിതെന്നും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തെക്കുകിഴക്കൻ ഏഷ്യയിൽ സ്വകാര്യ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് തായ്‌ലൻഡ്. സംഭവത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.