ഓസ്ട്രിയയെ തരിപ്പണമാക്കി സ്പാനിഷ് പട; ഒയര്‍സബാലിന്റെ കരുത്തില്‍ സ്‌പെയിന്‍ പ്രീക്വാർട്ടറിൽ
ലൊസാഞ്ചലസ്: ഫിഫ ലോകകപ്പില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. മിക്കല്‍ ഒയര്‍സബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ക്ലിനിക്കല്‍ ഫിനിഷിംഗുമാണ് സ്പാനിഷ് പടയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍, ഓസ്ട്രിയന്‍ പ്രതിരോധത്തിന് കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
കളിയുടെ ആദ്യ നിമിഷം മുതല്‍ സ്‌പെയിന്‍ ആക്രമിച്ചു കളിച്ചു. യുവതാരം ലമീന്‍ യമാലിന്റെ മികച്ചൊരു മുന്നേറ്റത്തോടെയായിരുന്നു തുടക്കം. യമാലിന്റെ ഒരു ഗോളെന്നുറച്ച ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍കീപ്പര്‍ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്. മത്സരത്തില്‍ പിടിമുറുക്കാനുള്ള ഓസ്ട്രിയയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് 36-ാം മിനിറ്റില്‍ സ്‌പെയിന്‍ ആദ്യ വെടിപൊട്ടിച്ചു. മാര്‍ക് കുകുറെല നല്‍കിയ മനോഹരമായ ക്രോസ് സ്വീകരിച്ച് ഒയര്‍സബാല്‍ പന്ത് വലയിലാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഓസ്ട്രിയയുടെ മിച്ചല്‍ ഗ്രെഗോറിഷ് സ്പാനിഷ് ബോക്‌സില്‍ പന്തുമായി എത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ അവരുടെ സമനില മോഹങ്ങള്‍ പൊലിഞ്ഞു.
ഇടതു വിങ്ങില്‍ നിന്ന് അലക്‌സ് ബെന നല്‍കിയ കൃത്യതയാര്‍ന്ന അസിസ്റ്റില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ പെഡ്രോ പൊറോ സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടി. സ്പാനിഷ് ജേഴ്‌സിയില്‍ പൊറോയുടെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഒയര്‍സബാല്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി ഓസ്ട്രിയയുടെ പതനം പൂര്‍ത്തിയാക്കി. ആറ് മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചിട്ടും ഓസ്ട്രിയയ്ക്ക് ആശ്വാസ ഗോള്‍ പോലും നേടാനായില്ല. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ - ക്രൊയേഷ്യ മത്സരത്തിലെ വിജയികളെയാണ് സ്‌പെയിന്‍ നേരിടുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.