മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യൻസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള സ്പോർട്സ് ബിസിനസ് പ്ലാറ്റ്‌ഫോമായ 'സ്‌പോർട്ടിക്കോ' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2.1 ബില്യൺ ഡോളറാണ് (ഏകദേശം 20,008.8 കോടി രൂപ) മുംബൈ ഇന്ത്യൻസിന്റെ മൂല്യം. ലീഗിലെ എല്ലാ ടീമുകളുടെയും കുറഞ്ഞ മൂല്യം ഇപ്പോൾ 1.5 ബില്യൺ ഡോളറിലധികം (ഏകദേശം 14,292 കോടി രൂപ) വരും. വടക്കേ അമേരിക്കൻ കായിക മേഖലയിലെ പ്രമുഖ ടീമുകളായ ഡിട്രോയിറ്റ് ടൈഗേഴ്‌സ്, വാൻകൂവർ കനാക്‌സ് എന്നിവയേക്കാൾ ഉയർന്ന മൂല്യമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. 1.85 ബില്യൺ ഡോളറാണ് (ഏകദേശം 17,626.8 കോടി രൂപ) ആർ.സി.ബിയുടെ മൂല്യം. 1.75 ബില്യൺ ഡോളർ (ഏകദേശം 16,674 കോടി രൂപ) മൂല്യവുമായി ചെന്നൈ സൂപ്പർ കിങ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (1.73 ബില്യൺ ഡോളർ), ഡൽഹി ക്യാപിറ്റൽസ് (1.7 ബില്യൺ ഡോളർ), രാജസ്ഥാൻ റോയൽസ് (1.65 ബില്യൺ ഡോളർ), സൺറൈസേഴ്‌സ് ഹൈദരാബാദ് (1.62 ബില്യൺ ഡോളർ), ഗുജറാത്ത് ടൈറ്റൻസ് (1.58 ബില്യൺ ഡോളർ), പഞ്ചാബ് കിങ്‌സ് (1.53 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ മൂല്യം.
2008-ൽ ഐ.പി.എൽ ആരംഭിച്ചത് മുതലുള്ള ടീമുകളുടെ മൂല്യവർധനവ് ഏകദേശം 1,800 ശതമാനമാണ്. എൻ.എഫ്.എൽ (800%), എൻ.ബി.എ (1,700%-ൽ താഴെ) തുടങ്ങിയ പ്രമുഖ ആഗോള കായിക ലീഗുകളേക്കാൾ വേഗത്തിലാണ് ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ മൂല്യം ഉയർന്നത്. ബി.സി.സി.ഐയുടെ സെൻട്രൽ റെവന്യൂ പൂളിൽനിന്നാണ് ഫ്രാഞ്ചൈസികൾക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. പ്രക്ഷേപണ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളുമാണ് ഇതിൽ പ്രധാനം. മീഡിയ റൈറ്റ്‌സ് തുകയുടെ പകുതി ബി.സി.സി.ഐ മാറ്റിവെക്കുകയും ബാക്കി തുകയുടെ 90% പത്ത് ടീമുകൾക്കായി തുല്യമായി വീതിച്ചു നൽകുകയും ചെയ്യുന്നു. ഇതുവഴി പ്രതിവർഷം ഓരോ ടീമിനും ബി.സി.സി.ഐയിൽനിന്ന് 50-55 മില്യൺ ഡോളർ (ഏകദേശം 476.4 - 523 കോടി രൂപ) വരുമാനമായി ലഭിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യൻസ്; മൂല്യം 2.1 ബില്യൺ ഡോളർ