കേരള ഹൗസിൽ രേഖകൾ കാണാനില്ലെന്ന് പരാതി; മുൻ നിയമ ഉദ്യോഗസ്ഥയ്ക്കെതിരെ ഡൽഹി പൊലീസിൽ പരാതി
ന്യൂഡൽഹി: കേരള ഹൗസിലെ നിയമവിഭാഗത്തിൽനിന്ന് ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന പരാതിയിൽ ഡൽഹി പൊലീസിൽ പരാതി. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് തിലക് മാർഗ് പൊലീസിൽ പരാതി നൽകിയത്. അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. രേഖകൾ മോഷ്ടിച്ചെന്ന സംശയവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ കാണാനില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. കേരള ഹൗസിലെ നിയമവിഭാഗം മേധാവിയായിരുന്ന അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസിനെ കഴിഞ്ഞ മാസം അഞ്ചിന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഗുരുതരമായ കൃത്യവിലോപം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റമെന്നും പരാതിയിൽ പറയുന്നു.
സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷവും ഗ്രാൻസി പലതവണ അനുമതിയില്ലാതെ നിയമവിഭാഗം ഓഫീസിൽ പ്രവേശിച്ചെന്നാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പരാതിയിലെ ആരോപണം. നിലവിൽ നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ കണ്ടെത്താനാകുന്നില്ലെന്നും ഇത് ഗ്രാൻസി എടുത്തുകൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
ചില ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടിരുന്നെങ്കിലും അവ കൈമാറിയില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ കൈമാറാതിരുന്നതെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.
ഓഫീസിൽ ബലംപ്രയോഗിച്ച് അതിക്രമിച്ചുകയറാൻ ശ്രമിച്ചെന്നും തനിക്കും കുടുംബത്തിനും വധഭീഷണി മുഴക്കിയെന്നും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും കാർക്കിച്ച് തുപ്പിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളും ഡെപ്യൂട്ടി സെക്രട്ടറി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
നിയമവിഭാഗത്തിലെ ഔദ്യോഗിക രേഖകൾ ഇനിയും മോഷണംപോകാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി, ഡൽഹി ഹൈക്കോടതി, വിവിധ ട്രിബ്യൂണലുകൾ എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളിൽ പലതും കേരള ഹൗസിലെ നിയമവിഭാഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. രേഖകൾ കാണാതായെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഇവയുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ നിയമ, പൊതുഭരണ വകുപ്പ് മേധാവികളെ അറിയിച്ചതായാണ് വിവരം. അതേസമയം, വിഷയത്തിൽ സർക്കാർ വൃത്തങ്ങൾ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.