'ജനനായകൻ തരംഗം' ആദ്യദിനം കേരളത്തിൽ നിന്ന് 5.8 കോടിയും ആഗോളതലത്തില്‍ 80 കോടിയും പിന്നിട്ടു; വിജയ്‌യുടെ അവസാന ചിത്രം ബോക്‌സ് ഓഫീസിൽ റെക്കോർഡ് നേട്ടത്തിലേക്ക്
കൊച്ചി: പ്രതിസന്ധികൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ തമിഴക വെട്രി കഴകം നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ' റെക്കോർഡ് കളക്ഷനോടെ മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മാത്രം ആഗോളതലത്തിൽ 80 കോടിയിലധികം രൂപ വാരിയ ചിത്രം കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയാണ് സ്വന്തമാക്കിയത്.
കേരളത്തിൽ രാവിലെ 6 മണിക്ക് ആരംഭിച്ച ഫാൻസ് ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്‌ഫുൾ ആകുന്ന കാഴ്ചയ്ക്കാണ് തിയേറ്ററുകൾ സാക്ഷ്യം വഹിച്ചത്. പ്രിയനടന്റെ അവസാന ചിത്രം തിയേറ്ററുകളിൽ വൻ ആഘോഷമാക്കാൻ തൊഴിൽദിനമായിരുന്നിട്ടും പ്രായഭേദമന്യേ വൻ ജനപ്രവാഹമാണ് തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമെത്തുന്ന ചിത്രമായതിനാൽ തന്നെ, സ്ക്രീനിൽ ടൈറ്റിൽ കാർഡ് തെളിഞ്ഞതു മുതൽ തീയേറ്ററുകളിൽ ആവേശക്കടൽ ഇരമ്പുകയായിരുന്നു. വിജയ്‌യുടെ അവസാന സിനിമയെന്ന വൈകാരിക നിമിഷവും ആഘോഷവും ഒരുപോലെ പങ്കുവെച്ചാണ് പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് ഇറങ്ങുന്നത്. പ്രവൃത്തിദിനമായ രണ്ടാം ദിനത്തിലും ഭൂരിഭാഗം തിയേറ്ററുകളിലും ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണ് .
എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് അനിൽ അരശാണ്. വി. സെൽവകുമാർ (ആർട്ട്), ശേഖർ, സുധൻ (കൊറിയോഗ്രാഫി), അറിവ് (ഗാനരചന), പല്ലവി സിംഗ് (കോസ്റ്റ്യൂം), ഗോപി പ്രസന്ന (പബ്ലിസിറ്റി ഡിസൈനർ), നാഗരാജ (മേക്കപ്പ്), വീര ശങ്കർ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ കേരളത്തിലെ പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖറാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.