വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഔദ്യോഗികവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ വാട്‌സ്ആപ്പ് വഴി കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഉപയോഗം കഴിഞ്ഞാൽ നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഈ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സജീവമായി തുടരുന്ന വാട്‌സ്ആപ്പ് വെബ് സെഷനുകൾ ഉപയോഗിച്ച്, ഉപയോക്താവ് അറിയാതെ തന്നെ സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ സൈബർ കുറ്റവാളികൾക്ക് സാധിച്ചേക്കാമെന്ന് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ഔദ്യോഗിക വിവരങ്ങൾക്ക് പുറമെ സാമ്പത്തിക വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. പൊതുവായ കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം കൃത്യമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പിൽ എടുത്തുപറയുന്നു.
വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ്ടുകളിൽ ജാഗ്രത