ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (IAF) പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. 43 വർഷത്തെ ദീർഘമായ സേവനത്തിനു ശേഷം വിരമിച്ച എയർ ചീഫ് മാർഷൽ എ.പി. സിങ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ചുമതലയേറ്റത്. വ്യോമസേനാ മേധാവിയാകുന്നതിന് മുൻപ് ഇന്ത്യൻ വ്യോമസേനയുടെ വൈസ് ചീഫ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കൂടാതെ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ കാര്യാലയത്തിലെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ട് നീണ്ട സൈനിക ജീവിതത്തിൽ ഫൈറ്റർ പൈലറ്റായും എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റായും മികച്ച സേവനം കാഴ്ചവെച്ച വ്യക്തിയാണ് അശുതോഷ് ദീക്ഷിത്. മിറാഷ്-2000, ജാഗ്വാർ, മിഗ് വേരിയന്റുകൾ, തേജസ്, ഹോക്ക് തുടങ്ങി വിവിധ പോർവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി 3,500-ലധികം മണിക്കൂർ പറക്കൽ പരിചയം അദ്ദേഹത്തിനുണ്ട്. ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സിന്ദൂർ എന്നീ പ്രമുഖ സൈനിക ദൗത്യങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
നാഷണൽ ഡിഫൻസ് അക്കാദമി, ബംഗ്ലാദേശിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വെസ്റ്റേൺ, സതേൺ സെക്ടറുകളിലെ ഫൈറ്റർ ബേസ് കമാൻഡറായും എയർ ഹെഡ്ക്വാട്ടേഴ്സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ്, ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് തുടങ്ങിയ പ്രധാന പദവികളിലും തിളങ്ങിയ ശേഷമാണ് അദ്ദേഹം വ്യോമസേനയുടെ അമരത്തേക്ക് എത്തുന്നത്.
എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു